
ജപ്പാനിലെ മുന്‍ രാജകുമാരി മാകോയുടെയും സാധാരണക്കാരനായ കേയി കൊമുറോയുടെയും പ്രണയവും വിവാഹവുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും വിവാഹിതരായത്.
വിവാഹത്തെത്തുടര്‍ന്ന് രാജകീയ പദവികളും സ്വത്തുക്കളും വെണ്ടെന്നുവെച്ച മാകോ ഭര്‍ത്താവിനൊപ്പം ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. ഞായറാഴ്ച രാവിലെയാണ് ഇരുവരും ന്യൂയോര്‍ക്കിലേക്ക് യാത്ര പുറപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കനത്ത സുരക്ഷയിലാണ് ഇവര്‍ വിമാനത്താവളത്തിലെത്തിയത്.ന്യൂയോര്‍ക്കിലാണ് കേയി കൊമുറോ പഠനം പൂര്‍ത്തിയാക്കിയതും ഇപ്പോള്‍ ജോലി ചെയ്യുന്നതും.
2012 ല്‍ ടോക്യോയിലെ ഇന്റര്‍നാഷണല്‍ ക്രിസ്റ്റിയന്‍ കോളേജിലെ നിയമപഠനത്തിനിടെയാണ് മാകോ കേയി കൊമുറോയെ കണ്ടുമുട്ടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.നിബന്ധനകളോടെ വിവാഹത്തിന് സമ്മതിക്കാമെന്നായിരുന്നു രാജാവ് അകിഷിനോ പറഞ്ഞത് എന്നാല്‍ നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന് മാകോ വ്യക്തമാക്കി. അതിനാല്‍ ആഘോഷങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു ഇവരുടെ വിവാഹം.
രാജകുടുംബത്തില്‍ നിന്ന് വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് സാധാരണയായി നല്കുന്ന കോടിക്കണക്കിനു രൂപയുടെ പ്രതിഫലം മാകോ നിരസിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സാധരണക്കാരനായ കൊമുറോയെ വിവാഹം കഴിച്ചതിനെത്തുടര്‍ന്നാണ് മാകോയ്ക്ക് രാജകീയ പദവികളും സ്വത്തുക്കളും നഷ്ടമായത്.






