
കോഴിക്കോട്: ചെറുകളത്തൂരില്‍ നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു. തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി. പരിക്കുകള്‍ ഉള്ളതിനാല്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകട സമയത്ത് പ്രദേശത്ത് മഴ ഇല്ലായിരുന്നു. നിര്‍മ്മാണത്തിലെ അപാകതയാണോ അപകടകാരണമെന്ന് പരിശോധിച്ചു വരികയാണ്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ഓടിട്ട വീടിന്റെ ഓട് മാറ്റി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. വീടിനകത്ത് പണി നടക്കുന്നതിനിടെ കോണ്‍ക്രീറ്റ് അതേപടി ഇളകി വീഴൂകയായിരുന്നു. ആദ്യം ഏഴു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. രണ്ടു പേര് കൂടി കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേന എത്തിയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. കുടുങ്ങിക്കിടന്നവരില്‍ ഒരാളുടെ നില ഗുരുതരമാണ്. രണ്ടാമത്തെയാള്‍ക്ക് കാര്യമായ പരിക്കില്ലെന്നാണ് പ്രാഥമിക വിവരമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
കെട്ടിടം തകര്‍ന്നുവീഴാനുള്ള കാരണം വ്യക്തമല്ല. വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടരുന്നതിനിടെയാണ് അപകടം. നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍പെട്ടവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്.






