
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ കൽക്കാജിയിൽ ഹോട്ടലിന് വൻ തീപിടിത്തം. തീ പടർന്നതിനെ തുടർന്ന് ഹോട്ടലിൽ സൂക്ഷിച്ചിരുന്ന മൂന്ന് വാണിജ്യ എൽപിജി സിലിണ്ടറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. കൽക്കാജിയിലെ ഗോവിന്ദ്പുരി ഫ്ലൈഓവറിന് സമീപമുള്ള 'പഞ്ചാബി തഡ്ക' എന്ന റെസ്റ്റോറന്റിലാണ് അപകടമുണ്ടായത്.
പുലർച്ചെ ഏകദേശം 4:45 ഓടെയാണ് ഹോട്ടലിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. വിവരമറിഞ്ഞ് ഡൽഹി ഫയർ സർവീസിന്റെ ഒമ്പതോളം ഫയർ യൂണിറ്റുകൾ ഉടനടി സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചത്. ഹോട്ടലിലാകെ തീ അതിവേഗം പടർന്നുപിടിക്കുന്നതിനിടയിലാണ് സിലിണ്ടറുകൾ ഒന്നൊന്നായി പൊട്ടിത്തെറിച്ചത്. ഇത് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാൽ, കനത്ത പുകയ്ക്കും തീയ്ക്കുമിടയിലും അഗ്നിശമന സേനാംഗങ്ങൾ ധീരമായ രക്ഷാപ്രവർത്തനം നടത്തി.
ഹോട്ടൽ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഒരു വയോധികയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി സുരക്ഷിതമായി പുറത്തെത്തിച്ചു.
നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും, പ്രദേശത്ത് പുകയടങ്ങുന്നതിനായുള്ള കൂളിംഗ് ഓപ്പറേഷനുകൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. തീപിടിത്തത്തിൽ ഹോട്ടൽ പൂർണ്ണമായും നശിച്ചതായാണ് വിവരം.






