
ഒടിടി റിലീസില്‍ പ്രേക്ഷകപ്രീതി നേടുന്ന ചിത്രമായി മാറുന്നു നിവിന്‍ പോളിയുടെ കനകം കാമിനി കലഹം. ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ളതാണ് തമാശകള്‍, അത് കേട്ടാല്‍ മാത്രമേ പ്രേക്ഷകര്‍ ചിരിക്കൂ എന്ന തെറ്റിദ്ധാരണകളെ തകിടം മറിക്കുന്നതാണ് കനകം കാമിനി കലഹം എന്ന സിനിമ. ദാമ്പത്യബന്ധവും അതിനോട് ചുറ്റിപ്പറ്റി കിടക്കുന്ന ചില രസകരമായ സംഭവങ്ങളുമാണ് ഈ സിനിമ. ഈ സിനിമയില്‍ വളരെ രസകരമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ജോയ് മാത്യൂ ഇതിനെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതുകയും. യഥാര്‍ത്ഥ കോമഡിയും ദാമ്പത്യ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളുമൊക്കെ ബോധ്യപ്പെടുത്തുന്ന ഒരു ക്ലാസിക് ആയി ഈ ചിത്രം മാറിയെന്നാണ് ജോയ് മാത്യൂ കുറിച്ചിരിക്കുന്നത്.
ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ് ‘‘ കഠിനമായ കൊറോണക്കാലത്ത് മുപ്പത് ദിവസം ഒരേ ഹോട്ടലിൽ ഒരേ മുറിയിൽ ഒരുമിച്ചു താമസിച്ചു സൃഷ്ടിച്ചെടുത്ത ഒരു കലാസൃഷ്ടിയുടെ ആരംഭത്തിനു വിളക്ക് കൊളുത്തുവാൻ നിർമാതാവും നായകനുമായ നിവിൻ പൊളിയും രതീഷ് ബാലകൃഷ്ണൻ പൊതുവാളും നിർബന്ധിച്ചപ്പോൾ ഞാനാ കടുംകൈ ചെയ്തു -തുടർന്നുള്ള ഓരോ ദിവസങ്ങളിലും ചിത്രീകരണത്തിലേ പുരോഗതിയും സംവിധായകന്റെ സർഗ്ഗാത്മകതയും സഹപ്രവർത്തകരുടെ ആവേശവും കണ്ടറിഞ്ഞപ്പോൾ എനിക്കുറപ്പായി ഇത് കാലത്തെ കവച്ചുവെക്കുന്ന ഒരു സൃഷ്ടിയായിരിക്കുമെന്ന് -ഇപ്പോഴിതാ ദിവസവും സന്ദേശങ്ങൾ വരുന്നു ,അധികവും ഞാൻ കരയുന്നത്കണ്ടു ചിരിച്ചവർ അയക്കുന്നതാണ് - ഒരു നടൻ എന്ന നിലയിൽ അത് എനിക്ക് നൽകുന്ന ഊർജ്ജം വലുതാണ് -
ലൈംഗിക ചുവയും ദ്വയാർത്ഥ പ്രയോഗങ്ങളുമാണ് കോമഡി എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിച്ചിരുന്ന പ്രേക്ഷകരെ യഥാർത്ഥ കോമഡിയും ദാമ്പത്യ ജീവിതത്തിലെ യാഥാര്‍ഥ്യവും ബോധ്യപ്പെടുത്തുന്ന ഒരു ക്ലാസ്സിക് ആയി മാറി കനകം കാമിനി കലഹം എന്നാണ് ദിവസവും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇത്തരം ഒരു വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യം കാണിച്ച നിവിൻ പോളിക്കും സംവിധായകൻ രതീഷിനും സഹപ്രവർത്തകർക്കും ഛായാഗ്രാഹകൻ വിനോദ് ഇല്ലം പള്ളിക്കും മറ്റു എല്ലാ അണിയറശില്പികൾക്കും നന്ദി .
പറഞ്ഞുവന്നത് എന്റെ കൈപ്പുണ്യത്തെ ക്കുറിച്ചാണ് ,ഞാൻ ദീപം കൊളുത്തിയത് കൊണ്ടാണത്രേ സിനിമ വൻ ഹിറ്റായത് എന്ന് ഞാൻ തന്നെ പ്രചരിപ്പിക്കുന്നുമുണ്ട് .
അതിനാൽ പ്രിയപ്പെട്ടവരെ ഇത് ഒരന്ധവിശ്വാസമാക്കി പ്രചരിപ്പിച്ച് എന്നെ ഇനിയും ഭദ്രദീപം കൊളുത്തുവാൻ വിളിക്കുക. പ്രതിഫലം ആരും കാണാതെ പോക്കറ്റിലിട്ടു തന്നാൽ നിങ്ങൾക്ക് വിജയം ഉറപ്പ് ’’. ജോയ് മാത്യുവിന്റെ കുറിപ്പ് ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ കിട്ടിക്കഴിഞ്ഞു.
നിവിൻ പോളി, ഗ്രേസ് ആന്റണി, സുധീഷ്, വിനയ് ഫോർട്ട്, വിൻസി അലോഷ്യസ്, ജാഫർ ഇടുക്കി, ജോയ് മാത്യു,രാജേഷ് മാധവൻ, ശിവദാസ് കണ്ണൂർ എന്നിവരടങ്ങുന്ന ഒരു കൂട്ടം രസകരമായ കഥാപാത്രങ്ങളുള്ള എന്റർടെയ്നറാണ് ഈ സിനിമ. നിവിൻ ഒരു അഭിനയ അധ്യാപികനായും, ഭാര്യയും മുൻ ടെലിവിഷൻ അഭിനേതാവുമായി ഗ്രേസും വെള്ളിത്തിരയില്‍ രസകരമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നു. നിവിന്റെ ഹോം ബാനറായ പോളി ജൂനിയർ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റ് ചെയ്ത സിനിമയാണിത്.






