
മാറ്റങ്ങള്‍ വരുത്തി പുതിയ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വാഹന രജിസ്ട്രേഷന് വെബ്സൈറ്റ്. വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന് പിന്തുടര്ച്ചാവകാശിയെ നിര്‍ദേശിക്കുവാനും പുതിയ വാഹനങ്ങള്‍ക്കും നിലവിലുള്ളവയ്ക്കും നോമിനിയെ ഉള്‍ക്കൊള്ളിക്കാനുമുള്ള അവസരം ഉടമയ്ക്ക് നല്‍കിക്കൊണ്ടാണ് വെബ്സൈറ്റില്‍ മാറ്റം വരുത്തിയത്.
ഉടമ മരിച്ചാല്‍ നിലവിലുള്ള അവകാശികളുടെയെല്ലാം വാദം കേട്ടശേഷം അവകാശികള്‍ തമ്മില്‍ പരസ്പരധാരണ ഉണ്ടെങ്കില്‍ മാത്രമേ ഉടമസ്ഥാവകാശം മാറ്റാന്‍ കഴിയുകയുള്ളൂ. മാത്രമല്ല ഇതിനായി എല്ലാവരും മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെത്തി സാക്ഷ്യപത്രം നല്‍കണം.
രജിസ്ട്രേഷൻ രേഖകളിൽ സ്വന്തം മൊബൈൽ നമ്പർ ഉള്ളവർക്കു മാത്രമാണ് നോമിനിയെ ചേർക്കാനുള്ള അവസരം ലഭിക്കുക. vahan.parivahan.gov.in-ൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നൽകി പ്രവേശിക്കണം. സർവീസസ് എന്ന ടാബിൽനിന്ന് അഡീഷണൽ സർവീസസിൽ ആഡ് നോമിനി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. എഞ്ചിന്, ഷാസി നമ്പറുകൾക്കൊപ്പം രജിസ്ട്രേഷൻ തിയതിയും രജിസ്ട്രേഷൻ കാലാവധിയും രേഖപ്പെടുത്തണം. തുടർന്ന് നോമിനിയുടെ പേരും ഉടമയുമായുള്ള ബന്ധവും ഉൾക്കൊള്ളിക്കാം. ഉടമ മരിച്ചാൽ അവകാശിക്ക് വാഹനം തന്റെ പേരിലാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകാം. ഉടമയുടെ മരണസർട്ടിഫിക്കറ്റും നോമിനിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. നോമിനിയെ ഉൾപ്പെടുത്തുന്നതിന് ഫീസ് ഇല്ല.
മൊബൈൽ നമ്പർ രജിസ്ട്രേഷൻ
വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖകളിൽ ഉടമയുടെ മൊബൈൽ നമ്പർ രേഖപ്പെടുത്തുന്നത് ഓൺലൈൻ ഇടപാടുകളിൽ കൂടുതൽ സുരക്ഷിതത്വം നൽകും. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ തന്നെ ഉടമസ്ഥാവകാശം മാറ്റാൻകഴിയുന്ന സംവിധാനമാണ് വരുന്നത്. രേഖകളിലെ മൊബൈൽ നമ്പറിലേക്കാണ് ഒറ്റത്തവണ പാസ്വേഡ് വരുക. പാസ്വേഡ് ഉൾക്കൊള്ളിക്കാതെ അപേക്ഷ പൂർത്തീകരിക്കാൻ കഴിയില്ല. ഉടമകൾ സ്വന്തം മൊബൈൽ നമ്പർ രേഖകളിൽ ചേർക്കണമെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചു.






