
ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് നല്ലതാണ് എന്നതിന് ഇതുവരെ ശാസ്ത്രീയമായ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് രാജ്യത്തെ പ്രമുഖ പൊതുമേഖല മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍. സമ്പൂര്‍ണ്ണ വാക്സിനേഷനാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യപരിഗണന. പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും രണ്ട് ഡോസ് വാക്സിനും ലഭിച്ചുവെന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഐസിഎംആര്‍ മേധാവി ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
വാക്സിനേഷന് ദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കീഴിലുളള വിദഗ്ദസമിതി ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഐസിഎംആറിന്റെ പ്രതികരണം.
അടുത്തിടെ സമ്പൂര്ണ്ണവാക്സിനേഷനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും വ്യക്തമാക്കിയിരുന്നു. ആവശ്യത്തിന് വാക്സിന് രാജ്യത്ത് ലഭ്യമാണ്. ഇതുപയോഗിച്ച് എല്ലാവര്ക്കും രണ്ട് ഡോസ് വാക്സിനും ലഭിച്ചു എന്ന് ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ ബൂസ്റ്റര്‍ ഡോസിനെക്കുറിച്ച് ചിന്തിക്കുകയുളളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.






