
തിരുവനന്തപുരം : പൂവാറിലെ കാരക്കാട്ടെ റിസോര്‍ട്ടില്‍ കഴിഞ്ഞ ആറു മാസത്തിനിടെ നടന്നതു 17 ലഹരിപ്പാര്‍ട്ടികള്‍. കഴിഞ്ഞ ദിവസത്തെ പാര്‍ട്ടിയില്‍ മാത്രം ഏഴു ലക്ഷം രൂപയുടെ വരുമാനമുണ്ടായതായാണു വിവരം. പുറത്തുനിന്നു വിപുലമായ തോതില്‍ ആളുകളെത്തിയിട്ടും സ്പെഷല്‍ ബ്രാഞ്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. റിസോര്‍ട്ടില്‍ പാര്‍ട്ടി നടത്തുന്നതില്‍ പോലീസിന്റെ സഹായമുണ്ടായിരുന്നെന്നു സംശയിക്കുന്നതിനാല്‍ അവരെ ഒഴിവാക്കി എക്സൈസിന്റെ പ്രത്യേക സംഘമാണ് പൂവാര്‍ ലഹരിക്കേസ് അന്വേഷിക്കുന്നത്. ബംഗളൂരുവില്‍നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് റെയ്ഡ്.
പുതുവത്സരാഘോഷം മുന്നില്‍ക്കണ്ട് നഗരത്തില്‍ ലഹരി ഒഴുക്കുന്നതിനു മുന്നോടിയായാണ് പൂവാറിലെ റിസോര്‍ട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഹരിപ്പാര്‍ട്ടികള്‍ നടത്തിയത്. പെട്ടെന്നു തിരിച്ചറിയാതിരിക്കാന്‍ സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പേരിലായിരുന്നു ടിക്കറ്റ് വില്‍പ്പന. 3000, 2000, 1000 രൂപയുടെ ടിക്കറ്റുകളാണു നല്‍കിയത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധയില്‍ സ്ത്രീയും കൊലക്കേസ് പ്രതിയും അടക്കമാണു പിടിയിലായത്. ഹഷീഷ് ഓയില്‍, എം.ഡി.എം.എ ഗുളികകള്‍, എല്‍.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയ മാരക ലഹരി വസ്തുക്കള്‍ കണ്ടെടുത്തു. പിടിയിലായ 20 പേരില്‍ 17 പേരെ ജാമ്യത്തില്‍ വിട്ടയച്ചു.
നിര്‍വാണ എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയാണു പാര്‍ട്ടി സംഘടിപ്പിച്ചത്. ആര്യനാട് സ്വദേശി അക്ഷയ് മോഹന്‍, ശംഖുംമുഖം കണ്ണാന്തുറ സ്വദേശിയും കൊലക്കേസ് പ്രതിയുമായ പീറ്റര്‍ ഷാന്‍, അതുല്‍ എന്നിവരാണ് സംഘാടകര്‍. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. റിസോര്‍ട്ടിലെ ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്തു. തലസ്ഥാന നഗരത്തിലെ ഒരു ഹോട്ടലിലും ഇവര്‍ ഡി.ജെ. പാര്‍ട്ടി നടത്തിയിരുന്നതായി വിവരമുണ്ട്.
പൂവാറിലെ റിസോര്‍ട്ടില്‍ ശനിയാഴ്ച രാത്രി ഏഴിനു തുടങ്ങിയ പാര്‍ട്ടിയില്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള സ്ത്രീകളടക്കം നൂറോളം പേര് പങ്കെടുത്തതായാണ് വിവരം. നിര്‍വാണ മ്യൂസിക് ഫെസ്റ്റിവല്‍ എന്ന പേരിലായിരുന്നു പാര്‍ട്ടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ഉച്ചയോടെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സി.ഐ. അനിലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ പാര്‍ട്ടി അവസാനിപ്പിച്ച് പലരും സ്ഥലംവിട്ടിരുന്നു. ടൂറിസ്റ്റുകളെന്ന വ്യാജേനയാണ് ഉദ്യോഗസ്ഥരെത്തിയത്.
റിസോര്‍ട്ടില്‍ മദ്യം വിളമ്പാന്‍ ലൈസന്സില്ലെന്നാണു വിവരം. പാര്ട്ടിക്കെത്തിയവര്ക്കു ബോട്ട് സൗകര്യം ഉള്‍പ്പെടെ ഒരുക്കിയ റിസോര്‍ട്ട് അധികൃതരും സംശയനിഴലിലാണ്. അതിനിടെ, പാര്‍ട്ടിയില്‍ പങ്കെടുത്ത ചിലരെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മുകളില്‍നിന്ന് ഇടപെടലുണ്ടായതോടെ വിട്ടയച്ചു. തലസ്ഥാനത്തെ പ്രമുഖ സിനിമാ നടിയും മോഡലുമായ ഒരു യുവതിക്കും പാര്‍ട്ടിയുമായി ബന്ധമുള്ളതായി സൂചനയുണ്ട്.
സുനില്‍ ജെ. സണ്ണി






