ബി.ജെ.പി എം.പി സുരേഷ് ഗോപിയുടെ ഓഡി കാര്‍ പോണ്ടിച്ചേരി രജിസ്ട്രേഷന്; നികുതിയില്‍ ലാഭിച്ചത് അഞ്ചര ലക്ഷം
ബി.ജെ.പി എം.പി സുരേഷ് ഗോപിയുടെ ഓഡി കാര്‍ പോണ്ടിച്ചേരി രജിസ്ട്രേഷന്; നികുതിയില്‍ ലാഭിച്ചത് അഞ്ചര ലക്ഷം
Authored by Web Desk | Last updated: 19 Nov 2016, 3:07 PM | 3 min read
<h4 class="text-orange">ഇരുപത് ലക്ഷം രൂപ മുകളില്‍ വിലയുള്ള ഏത് കാറിനും പോണ്ടിച്ചേരിയില്‍ 55,000 ഫ്ളാറ്റ് ടാക്സ് നല്കിയാല് മതിയാകും. അതിന് താഴെയുള്ളവയ്ക്ക് പതിനയ്യായിരം രൂപയും. സുരേഷ് ഗോപിയുടെ ഓഡി ക്യു 7ന് 75 ലക്ഷം രൂപയാണ് വില. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ നികുതിയില്‍ ലാഭിച്ചത് അഞ്ചര ലക്ഷം രൂപ</h4>
കോട്ടയം: കള്ളപ്പണവും നികുതി വെട്ടിപ്പും ചര്‍ച്ചയാകുമ്പോള്‍ ബി.ജെ.പി എം.പി സുരേഷ് ഗോപിയെ പ്രതിരോധത്തിലാക്കി സോഷ്യല്‍ മീഡിയ. സുരേഷ് ഗോപിയുടെ ഓഡി കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍. ഇതിലൂടെ നികുതിയിനത്തില്‍ സുരേഷ് ഗോപി ലാഭിച്ചത് അഞ്ചര ലക്ഷം രൂപ. നികുതി ലാഭിക്കുന്നതിന് ആഡംബര വാഹനങ്ങള്‍ വാങ്ങുന്ന എല്ലാ സമ്പന്നരും സ്വീകരിക്കുന്ന തന്ത്രമാണ് സുരേഷ് ഗോപിയും സ്വീകരിച്ചതെന്നാണ് ആക്ഷേപം.
ചെറുകാറുകള്‍ വാങ്ങുന്നവര്‍ പോലും സംസ്ഥാനത്ത് തന്നെ വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഓഡി അടക്കമുള്ള ആഡംബര വാഹനങ്ങള്‍ വാങ്ങുന്നവരാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇരുപത് ലക്ഷം രൂപ മുകളില്‍ വിലയുള്ള ഏത് കാറിനും പോണ്ടിച്ചേരിയില്‍ 55,000 ഫ്ളാറ്റ് ടാക്സ് നല്കിയാല് മതിയാകും. അതിന് താഴെയുള്ളവയ്ക്ക് പതിനയ്യായിരം രൂപയും.
നികുതി നിരക്കിലെ ഈ അന്തരം മുതലെടുക്കാനാണ് ആഡംബര വാഹനം സ്വന്തമാക്കുന്നവര്‍ പോണ്ടിച്ചേരിയിലേക്ക് പോകുന്നത്. സുരേഷ് ഗോപിയുടെ ഓഡി ക്യു 7ന് 75 ലക്ഷം രൂപയാണ് വില. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ അദ്ദേഹം നികുതിയില്‍ ലാഭിച്ചത് അഞ്ചര ലക്ഷം രൂപ. താല്‍ക്കാലിക പോണ്ടിച്ചേരി വിലാസം സംഘടിപ്പിച്ചാല്‍ അവിടെ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് തടസമില്ല. അത് ഡീലര്‍മാര്‍ തന്നെ സംഘടിപ്പിച്ചു നല്‍കുകയാണ് ചെയ്യുന്നത്.
നവമാധ്യമങ്ങളില്‍ സജീവമായ ദീപക് ശങ്കരനാരായണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കേരളത്തിൽ ഓടുന്ന വാഹനങ്ങൾ എവിടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്? അതെന്ത് ചോദ്യം എന്നല്ലേ? നമ്മുടെ വീടിന്റെ അഡ്രസ് കൊടുത്താൽ അടുത്ത ആർ ടി ഓ ഓഫീസിൽ രജിസ്റ്റർ ചെയ്യാം. പിന്നെ ചില വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്നതെന്തിനാണ്? ചില വാഹനങ്ങൾ എന്നല്ല ചില ആളുകൾ എന്നാണ് പറയേണ്ടത്. എന്നുവച്ചാൽ സംഗതി ചില തരത്തിലുള്ള വൻകിട പണക്കാരുടെ ഒരു ഫാഷനാണ്. (പണക്കാരുടെ എന്ന് ജനറലൈസ് ചെയുതുകൂടാ, പണമുണ്ടാക്കൽ ഇന്ത്യയിൽ ഒരു കുറ്റമല്ല. മര്യാദക്ക് ബിസിനസ് ചെയ്യുന്ന അനേകം പേർ ഈ നാട്ടിലുണ്ട്). നികുതി വെട്ടിപ്പ് എന്ന് മലയാളത്തിലും ടാക്സ് ഇവേഷൻ എന്ന് ഇംഗ്ലീഷിലും പറയും. അതായത് പോണ്ടിച്ചേരിയിൽ ഇരുപത് ലക്ഷം രൂപക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപ ഫ്ലാറ്റ് ടാക്സാണ്. അതിന് താഴെയുള്ളവക്ക് വെറും പതിനയ്യായിരം രൂപയും. ഏറ്റവും റോഡ് ടാക്സ് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലിയ കാറുകൾക്ക് 8%. 75 ലക്ഷത്തോളം വിലയുള്ള Audi Q7 കാറിന് കേരളത്തിൽ പോണ്ടിച്ചേരിയിൽ നിന്ന് വാങ്ങിയാൽ ഏതാണ്ടൊരു അഞ്ചര ലക്ഷം രൂപ ടാക്സ് മുക്കാം. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ തൽക്കാലത്തേക്ക് ഒരു അഡ്രസ് വേണം. അത് പൊതുവെ ഡീലർമാർ തന്നെ കൊടുത്തോളും. ( എഡിറ്റ്: - Audi Q7 ന് ഇരുപതുശതമാനം വരെ നികുതി വരുമെന്ന് അറിയുന്നു. അത് ശരിയാണെങ്കിൽ ഇതിലും വളരെ വലുതായിരിക്കും ടാക്സ് വെട്ടിപ്പ്) നിയമപരമായും ധാർമ്മികമായും ഒരു വാഹനം ഉപയോഗിക്കുന്ന സംസ്ഥാനത്താണ് അതിന്റെ നികുതി അടക്കേണ്ടത്. ജോലിയോ താമസമോ മാറുമ്പോൾ ആളുകൾ സ്വകാര്യവാഹങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാറുണ്ട്, കേരളം പൊതുവേ അത്തരം മാറ്റങ്ങളോട് സൗഹാർദ്ദപൂർണ്ണമായ സമീപനമാണ് എടുക്കാറുള്ളത്. കർണ്ണാടകയിലെയോ തമിഴ്നാട്ടിലെയോ പോലെ റോഡിൽ കാണുന്ന മറ്റ് സംസ്ഥാനവാഹങ്ങൾക്കു നേരെ കേരളാ പോലീസ് ചാടി വീഴാറില്ല. അതങ്ങനെത്തന്നെയാണ് വേണ്ടതും. ഇൻക്ലൂസിവിറ്റിയുടെ നഷ്ടങ്ങൾക്കുനേരെ ഒരു ജനാധിപത്യസമൂഹം കണ്ണടക്കക്കുക തന്നെയാണ് വേണ്ടത്, അല്ലാതെ അത് ദുരുപയോഗം ചെയ്യുന്നവരുടെ പേരിൽ സാമാന്യമനുഷ്യരെ ബുദ്ധിമുട്ടിക്കുകയല്ല. എന്നിട്ടും നയിച്ചുതിന്നുന്ന മലയാളികളാരും മനപ്പൂർവ്വം നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയിൽ പോയി വണ്ടി വാങ്ങാറില്ല. ഒരു കുടുംബം കാലങ്ങൾ സ്വപ്നം കണ്ട് നാലു ലക്ഷം രൂപ ലോണെടുത്ത് വാങ്ങുന്ന ചെറിയ ഒരു കാറിന് പോലും, വലിയ തുക ലാഭിക്കാമെങ്കിലും. ഉളുപ്പെന്ന ഒന്ന് സാമാന്യമനുഷ്യർക്കുള്ളതുകൊണ്ടാവണം. അതേ സമയം നയിക്കാതെ തിന്നുന്നവർ ചെയ്യാറുണ്ടുതാനും. ഇനി ഈ വീഡിയോ കാണുക.രാവിലെ യാദൃശ്ചികമായി മീഡിയാവൺ ചാനൽ കണ്ടപ്പോൾ ശ്രദ്ധിച്ചതാണ്. അതിലൊരു Audi Q7 കാർ കാണും. സുരേഷ് ഗോപിയുടെ കാറാണ്. ബി ജെ പി യുടെ രാജ്യസഭാ എം പി, അതും രാജ്യസഭാ തെരഞ്ഞെടുപ്പിനൊന്നും നിന്ന് എം പി ആയതല്ല, ബി ജെ പി നോമിനേറ്റ് ചെയ്ത് പ്രസിഡൻഡ് ഓഫ് ഇന്ത്യാ നേരിട്ട് അവരോധിച്ച എം പി. അതിന്റെ നമ്പറ് ശ്രദ്ധിക്കുക. PY 01 BA 999. എം പി എന്ന് ബോർഡുമുണ്ട്. അതിപ്പോ സുരേഷ് ഗോപി തൽക്കാലത്തേക്ക് വല്ല സുഹൃത്തിന്റെയും വാഹനം കടം വാങ്ങിയതാണെങ്കിലോ? നമ്പറൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. തിരക്കുള്ള മനുഷ്യനല്ലേ? ശരിയാണ്. അങ്ങനെ ഒരു സാദ്ധ്യതയുണ്ട്. ആ നമ്പറെടുത്ത് വാഹൻ എന്ന രജിസ്ട്രേഷൻ നമ്പറുകൾ വച്ച് ഉടമയെ കണ്ടുപിടിക്കാനുള്ള സർക്കാർ സംവിധാനത്തിലേക്ക് ഒരു എസ് എം എസ് അയക്കുക. (Type VAHAN xxx where xxx is vehicle no. and send sms to 7738299899) ഇങ്ങനെ ഒരു മറുപടി കിട്ടും. PY01BA0999 [PUDUCHERRY,PY] Owner:1-SURESH GOPI Vehicle:AUDI Q7(DIESEL) L.M.V. (CAR) RC/FC Expiry:26-Jan-25 Finance:HDFC BANK LTD MV Tax upto:(LifeTime) -Courtesy:MoRTH/NIC ഒന്നുമില്ല. സംഭവം സിംപിളും പവർഫുള്ളുമാണ്. നികുതിവെട്ടിപ്പിനെതിരെ പൊരുതി മരിക്കുന്ന കേരളത്തിലെ ബി ജെ പിയുടേ ആകപ്പാടെയുള്ള ഒരു എം പി യാണ്. എനിക്കതിൽ അത്ഭുതമൊന്നുമില്ല, നിങ്ങൾക്കുണ്ടെങ്കിൽ തലക്കകത്ത് ഒന്നുകിൽ അജ്ജാതി നിഷ്കളങ്കൻ വേണം, അല്ലെങ്കിൽ മറ്റേ കുറുവടി ടീമായിരിക്കണം. ഇനിയിപ്പോ സുരേഷ് ഗോപിക്ക് പോണ്ടിച്ചേരിയിൽ വീടുണ്ടോ, സ്ഥിരതാമസക്കാരനാണോ, വണ്ടി വല്ലപ്പോഴും കേരളത്തിൽ കൊണ്ടുവന്നതാണോ, ഇനി വണ്ടി ഡെൽഹിയിലാണോ ഓടുന്നത്, എന്നൊന്നും എനിക്കറിയില്ല. സുരേഷ് ഗോപി നികുതി വെട്ടിച്ചു എന്ന് ഞാനൊട്ട് പറഞ്ഞിട്ടുമില്ല. വേറൊരിടത്ത് ഓടുന്ന വണ്ടി പോണ്ടിച്ചേരിയിലെ റോഡല്ല ഉപയോഗിക്കുന്നത് എന്നും റോഡ് ടാക്സ് റോഡ് ഉപയോഗിക്കുന്നതിനാണെന്നും പക്ഷേ എനിക്കറിയാം. അല്ല പറയാൻ പറ്റില്ലല്ലോ. ഏതാ നിന്റെ രാജ്യം എന്നത് മൂപ്പരുടെത്തന്നെ ഡയലാഗാണല്ല്?!
Comments