രണ്‍വീര്‍ സിംഗ് നായകനായ '83 എന്ന ചിത്രത്തിനെതിരെ പരാതിയുമായി യുഎഇ വ്യവസായി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പണം വാങ്ങി ചതിച്ചു എന്നാണ് പരാതി. ലാഭമുണ്ടാക്കിത്തരാമെന്ന് അവര്‍ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് താന്‍ 16 കോടി ചിത്രത്തില്‍ നിക്ഷേപിച്ചെന്നും ഈ വാക്ക് പാലിച്ചില്ലെന്നും അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ പരാതിയില്‍ ഇയാള്‍ പറയുന്നു. കരാറുകളിലൊന്നും ഒപ്പിടാതെ ഈ പണം സ്വീകരിച്ച് സിനിമയുടെ നിര്മാണത്തിനുപയോഗിച്ചെന്നും ഇത് ചതിയാണെന്നും പരാതിയില്‍ പറയുന്നു.
കബീര്‍ ഖാനാണ് ചിത്രത്തിന്റെ സംവിധായകന്. ഡിസംബര്‍ 24ന് ചിത്രം തീയറ്ററുകളിലെത്തും. ഹിന്ദി കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസാവും. 83ലെ ഫൈനലില്‍ മുന്‍പ് രണ്ടു വട്ടം തുടര്‍ച്ചയായി ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആ ജയത്തോടെയാണ് ഇന്ത്യയില്‍ ക്രിക്കറ്റിനു വേരോട്ടമുണ്ടായത്.






