
ന്യുഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉള്‍പ്പെടെ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ 15 മാസമായി നടത്തിവന്നിരുന്ന സമരം ഇന്ന് പിന്‍വലിക്കുന്നു. വിവാദ നിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകര്‍ക്കെതിരായ കേസുകള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുകയും ചെയ്തത് അടക്കം എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് കഴിഞ്ഞ ദിവസം സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്നു മുതല്‍ അതിര്‍ത്തിയില്‍ നിന്നും വീടുകളിലേക്ക് മടങ്ങിതുടങ്ങും. നാല് ദിവസത്തിനുള്ളില്‍ പിന്മാറ്റം പൂര്‍ത്തിയാകുമെന്നാണ് സൂചന. സര്‍ക്കാര്‍ വാക്കു പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്കി.
ഇന്ന് വിജയ് ദിനമായി ആഘോഷിക്കുന്ന കര്‍ഷകര്‍ ഇതിനകം തന്നെ അതിര്‍ത്തികളില്‍ സ്ഥാപിച്ചിരുന്ന താത്ക്കാലിക ടെന്റുകള്‍ പൊളിച്ചുനീക്കി തുടങ്ങി. തിക്രി അതിര്‍ത്തിയില്‍ രാവിലെ കര്‍ഷകരുടെ ആഘോഷവും നടന്നിരുന്നു. 'ഉന്നയിച്ച എല്ലാ ആവശ്യങ്ങളും നേടിയെങ്കിലും ഏറെ വിഷമത്തോടെയാണ് മടങ്ങുന്നതെന്ന് കര്‍ഷകനായ മഹീന്ദര്‍ സിംഗ് പറഞ്ഞു. വീട് വിട്ടുവന്ന തങ്ങള്‍ക്ക് മറ്റൊരു വീടായിരുന്നു ഇവിടം. ഇവിടെയുള്ള കച്ചവടക്കാരുമായി നല്ല ബന്ധമുണ്ടായി. അവര്‍ തങ്ങള്‍ക്ക് നല്ല പിന്തുണ നല്‍കിയിരുന്നുവെന്നും' അദ്ദേഹം പറഞ്ഞു.
സിംഘു അതിര്‍ത്തിയിലും ആഘോഷം നടത്തിയ ശേഷമാണ് കര്‍ഷകര്‍ പിന്‍വാങ്ങുന്നത്. കര്‍ഷകര്‍ ഭജന്‍ ആലപിച്ച ശേഷമാണ് അതിര്‍ത്തി വിടുന്നത്. ഇന്നലെ ഉച്ചയ്ക്ക് സമരഭൂമിയില്‍ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇന്നലെതന്നെ തിരിച്ചുപോക്ക് ആരംഭിച്ചിരുന്നു. യു.പി-ഡല്‍ഹി അതിര്‍ത്തിയിലെ ഗാസിപുരിലും കര്‍ഷകര്‍ ടെന്റുകള്‍ പൊളിച്ചുനീക്കി തുടങ്ങി. കര്‍ഷകര്‍ കൂട്ടത്തോടെ മടങ്ങുന്നതോടെ അതിര്‍ത്തികളിലെ ഫ്ളൈ ഓവറുകളില്‍ വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.







Comments