
ദില്ലി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കോച്ചിംഗ് സെന്ററുകൾക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ. കോച്ചിംഗ് സെന്ററുകൾക്കായി ദേശീയ നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം.
ജെഇഇ, നീറ്റ്, സിയുഇടി പരീക്ഷകളിൽ ഉൾപ്പെടെ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ടാണ് സർക്കാർ നടപടി. ഇതോടെ കോച്ചിംഗ് സെന്ററുകളുടെ ടോപ്പർ പരസ്യങ്ങൾക്കും നിയന്ത്രണം വരും. അധ്യാപകരുടെ യോഗ്യതയും വിജയനിരക്കും വെളിപ്പെടുത്തണം എന്ന വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്തും.
സ്കൂൾ വിദ്യാർഥികൾക്ക് പ്രതിദിനം 2–3 മണിക്കൂർ മാത്രമായിരിക്കും കോച്ചിംഗ് അനുവദിക്കുക. കൂടാതെ, പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് മാത്രമേ തീവ്ര കോച്ചിംഗ് നൽകാൻ പാടുള്ളൂ എന്നതടക്കമുള്ള നിർദേശങ്ങളും പരിഗണനയിലാണ്. നിയമവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് വിവരം.






