
ആലപ്പുഴ: ഹരിപ്പാട് കാര്‍ത്തികപ്പള്ളിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം. പുളിക്കീഴ് ജംഗ്ഷന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിഷ്ണു എ.പിക്കാണ് വെട്ടേറ്റത്. ഇരുകൈകള്‍ക്കും കാലിനും തലയ്ക്ക് പിന്നിലും ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൈകള്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായ തോക്ക് ചൂണ്ടി നടന്ന ആക്രമണത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സംഭവമെന്നാണ് വിവരം. കാര്‍ത്തികപ്പള്ളി വലിയകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമി സംഘം തോക്കുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അതിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നയാളാണ് വിഷ്ണുവെന്ന് പറയുന്നു. ആ സംഭവത്തിലെ വൈരാഗ്യമാണ് ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
സംഭവത്തില്‍ സ്ഥിരം ക്രിമിനലുകളായ ആറുപേര്‍ക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.






