
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പുറത്തിറങ്ങിയ ഐഫോണുകളില്‍ 12 എംപി ക്യാമറ സെന്‍സറുകളാണ് ആപ്പിള്‍ ഉപയോഗിച്ചുവരുന്നത്. എതിരാളികളായ ആന്‍ഡ്രോയിഡ് ഫോണുകള്‍ പലതും കൂടുതല്‍ വലിയ സെന്‍സറുകള്‍ ഉപയോഗിച്ച് തുടങ്ങി വര്‍ഷങ്ങളായിട്ടും ആപ്പിള്‍ അതിന് തയ്യാറായിരുന്നില്ല.
എന്നാല്‍ ഐഫോണ്‍ 14 പ്രോ ആ പതിവ് തെറ്റിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 14 പ്രോയില്‍ 48 എംപി സെന്‍സര്‍ ഉള്‍പ്പെടുത്തുമെന്നാണ് ആപ്പിള്‍ അനലിസ്റ്റായ മിങ് ചി കുവോ അവകാശപ്പെടുന്നത്.
48 മെഗാപിക്സല്‍ സെന്‍സര്‍ ഉപയോഗിക്കുമ്പോഴും പിക്സല്‍ ബിന്നിങിന് ശേഷം 12 എംപി ചിത്രങ്ങള്‍ തന്നെയാണ് പുറത്തുവിടുക. ഇതുവഴി കൂടുതല്‍ മികച്ച ചിത്രങ്ങള്‍ പുറത്തുവരും. പിക്സല്‍ ബിന്നിങിന്റെ ഫലമായി ചിത്രങ്ങളില്‍ നോയ്സ് നീക്കം ചെയ്യപ്പെടും. അതേസമയം 48 എംപി ചിത്രങ്ങള്‍ പകര്‍ത്താന്‍ പ്രത്യേകം 48 എംപി ഫീച്ചര്‍ ക്യാമറയില്‍ നല്‍കും. നിലവില്‍ ആന്‍ഡ്രോയിഡ് ക്യാമറകളിലും ഇതേ രീതിയില്‍ തന്നെയാണ് 48 എംപി ഫോട്ടോഗ്രഫി നല്‍കിയിരിക്കുന്നത്.
ഇതു കൂടാതെ ഇന്ന് വ്യാപകമായി ഇപയോഗിക്കുന്ന പെരിസ്കോപ്പ് ലെന്‍സ് എന്ന സംവിധാനവും ഐഫോണുകളില്‍ പരീക്ഷിച്ചേക്കും. ഇത് പക്ഷെ 2023 ല്‍ പുറത്തിറങ്ങുന്ന ഐഫോണ്‍ 15 പരമ്പരയിലായിരിക്കും.
48 എംപി ക്യാമറ ഉപയോഗിക്കാനുളള പദ്ധതിയെ കുറിച്ച് സ്ഥിരീകരിച്ച വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. പുതിയ ഐഫോണ്‍ ഫീച്ചറുകള്‍ മുന്‍കൂട്ടി പ്രവചിച്ച് ശ്രദ്ധേയനായ അനലിസ്റ്റാണ് മിങ് ചി കുവോ.
ഐഫോണ്‍ 14 ല്‍ ഡിസ്പ്ലേ നോച്ച് ഒഴിവാക്കുമെന്നും പകരം പഞ്ച് ഹോള്‍ ക്യാമറ ഉപയോഗിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറെ നാളുകളായി ഐഫോണ്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മാറ്റങ്ങളിലൊന്നാണ് ഡിസ്പ്ലേ നോച്ച്, ഇതുവഴി വലിയ സ്ക്രീന്‍ അനുഭവം സാധ്യമാകും.






