
സ്തനങ്ങള്‍ക്കുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങള്‍ പലപ്പോഴും സ്തനാര്‍ബുദമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. സ്തനവളര്‍ച്ചയുടെ കാലമായ കൗമാരകാലത്തും അതിന് ശേഷമുള്ള ആര്‍ത്തവ നാളുകളിലും സ്തനങ്ങളുടെ രൂപത്തിലും വലിപ്പത്തിലും വ്യത്യാസം കണ്ടെന്നു വരാം. ആര്ത്തവദിനങ്ങളിലാണ് സ്തനങ്ങളില്‍ സാധാണണ നാടകീയമാറ്റങ്ങള് കണ്ടുവരുന്നത്. മാറി വരുന്ന ഈസ്ട്രൊജന്‍ - പ്രൊജസ്റ്ററോണ്‍ നിലയനുസരിച്ചാണ് ഈ മാറ്റങ്ങളത്രയും കണ്ടുവരുന്നത്. പെണ്‍കുട്ടികളില്‍ 16- 17 വയസെത്തുമ്പോള്‍ ശരീരത്തില്‍ വര്‍ധിച്ചുവരുന്ന ലൈംഗിക ഹോര്‍മോണ്‍ ഈസ്ട്രൊജന്റെ അളവ് അനുസരിച്ച് സ്തനവളര്‍ച്ച പൂര്‍ത്തിയാവുകയും സ്തനത്തിലെ ഒട്ടുമിക്ക പാല് ഗ്രന്ഥികളും പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നു.
പ്രായമാവുമ്പോള്‍ പാല് ഗ്രന്ഥികള്‍ ചുരുങ്ങുകയും ആ സ്ഥാനത്ത് കൊഴുപ്പ് അടിയുകയും ചെയ്യുന്നു.
വലിപ്പ വ്യത്യാസം
ഇരുസ്തനങ്ങളുടെയും വലുപ്പവ്യത്യാസമാണ് പലരിലും ആശങ്കയുണ്ടാക്കുന്നത്. ഇരു സ്തനങ്ങളും ഒരേപോലെയാകാനിടയില്ല. ശരീരത്തിന്റെ തൂക്കവ്യത്യാസത്തിന് അനുസൃതമായി സ്തനങ്ങള്‍ക്ക് വലിപ്പ വ്യത്യാസം ഉണ്ടാകും. ഇടത് സ്തനം വലത് സ്തനത്തെ അപേക്ഷിച്ച് കൂടുതല്‍ മൃദുവായി കാണപ്പെടാറുണ്ട്. വലതു കൈകൊണ്ട് കൂടുതല്‍ ജോലി ചെയ്യുന്നതിനാല്‍ വലത് സ്തനത്തിന് ഇടത് സ്തനത്തേക്കാള്‍ വലിപ്പവും മാര്‍ദവവും കുറവായിരിക്കും. സ്തനങ്ങള്‍ തമ്മിയുള്ള വലിപ്പവ്യത്യാസം കാന്‍സറാണെന്ന് തെറ്റിദ്ധരിച്ച് മാനസികമായി തകര്‍ന്ന് ഡോക്ടറുടെ അടുത്തെത്തുന്നവര്‍ നിരവധിയാണ്. ഇരു സ്തനങ്ങളും ഒപ്പമായിരിക്കണം എന്നത് മിഥ്യാ ധാരണയാണ്. പാരമ്പര്യം അനുസരിച്ചും ശാരീരിക വ്യതിയാനം അനുസരിച്ചും സ്തനങ്ങളുടെ വലിപ്പം തമ്മില്‍ അന്തരമുണ്ടാകും.
സ്തനത്തിലെ മാര്‍ദവം
ആര്‍ത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ സ്തനങ്ങള്‍ നിറഞ്ഞ് മുറുകകയും മാര്ദവമേറുകയും ചെയ്യും. എന്നാല്‍ ആര്‍ത്തവത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്തനങ്ങള്‍ അയഞ്ഞ് മാര്‍ദവം കുറയുകയും ചെയ്യും. ഗര്‍ഭകാലത്ത് പാല് ഗ്രന്ഥികളും പാല്‍ക്കുഴലുകളും വികസിക്കുകയും സ്തനങ്ങള്‍ കൂടുതല്‍ വലിപ്പമാര്ജിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സ്വാഭാവികമായും ഇരുസ്തനങ്ങളിലും ഒരുപോലെ ആയിരിക്കും. ഈ മാറ്റങ്ങളൊന്നും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളല്ല. സ്തനത്തിലും ലിംഫ്നോഡുകളിലും കക്ഷത്തിലുമൊക്കെ ഉണ്ടാകുന്ന ചെറു മുഴകള്‍, സ്തനത്തിന്റെ മൃദുലതയില് വരുന്ന മാറ്റം, മുലക്കണ്ണിലൂടെ സ്രവം ഉണ്ടാവുക തുടങ്ങിയ മാറ്റങ്ങള്‍ എല്ലാം അര്ബുദമായിരിക്കണമെന്നില്ല. എന്നാല്‍ ഈ മാറ്റങ്ങള്‍ ഇരു സ്തനങ്ങളിലും ഒരുപോലെ ആയിരിക്കും. ഒരു സ്തനത്തില്‍ മാത്രം കാണുന്ന മാറ്റങ്ങള്‍ക്ക് വിദഗ്ധ പരിശോധന ആവശ്യമാണ്.
വേദനകള്‍ പലവിധം
സ്തനങ്ങള്‍ക്കുണ്ടാകുന്ന വേദന അര്‍ബുദ ലക്ഷണങ്ങളിലൊന്നാണ്. എന്നാല്‍ എല്ലാ വേദനയും ആ ഗണത്തില്‍ പെടുന്നില്ല. സ്തനങ്ങള്‍ക്ക് പല കാരണങ്ങള്‍കൊണ്ട് വേദനയുണ്ടാകാം. 70 ശതമാനം സ്ത്രീകള്‍ക്കും ഒരിക്കലെങ്കിലും സ്തനത്തില്‍ വേദന അനുഭവപ്പെട്ടിട്ടുള്ളവരായിരിക്കും. ആര്‍ത്തവകാലത്താണ് വേദന കൂടുതലും അനുഭവപ്പെടുക. ഈസ്ട്രൊജന്‍ - പ്രൊജ്സ്റ്ററോണ് ഹോര്‍മോണിന്റെ നിലയിലുണ്ടാകുന്ന മാറ്റവുമായി ഈ വേദന ബന്ധപ്പെട്ടിരിക്കുന്നു. ഇതറിയാതെ പലരും ഭീതിയോടെ ഡോക്ടറെ സമീപിക്കാറുണ്ട്. ഇത്തരം വേദന ഇരുസ്തനങ്ങളിലും ഒരുപോലെ ആയിരിക്കും. അല്ലാത്ത പക്ഷം നിര്‍ബന്ധമായും ഡോക്ടര്െ കാണണം.
കൈകള്‍ ഉപയോഗിച്ച് ഭാരപ്പെട്ട ജോലികള്‍ ചെയ്താലും സ്തനവേദന ഉണ്ടാകാം. കൈകളുടെ പ്രവര്‍ത്തനവുമായി ബന്ധമുള്ള സ്തനങ്ങളിലെ പേശികള്‍ക്കുണ്ടാകുന്ന ആഘാതമാണ് ഇത്തരം വേദനകള്‍ക്ക് കാരണം. ഇത് യഥാര്‍ഥത്തില്‍ സ്തനവേദനയല്ല. കടുത്ത മാനസിക സംഘര്‍ഷവും സ്തനവേദനയ്ക്ക് കാരണമാകാം.
മാനസിക പിരിമുറുക്കം ഹോര്‍മോണ്‍ നിലയില്‍ വരുത്തുന്ന മാറ്റമാണ് ഇതിനു കാരണം. മുലയൂട്ടുന്ന രീതിയനുസരിച്ചും വേദന അനുഭവപ്പെടാം. ചരിഞ്ഞിരുന്നോ കുനിഞ്ഞിരുന്നോ മുലയൂട്ടുന്നതിലൂടെ സ്തനങ്ങള്‍ക്ക് വേദന ഉണ്ടാകുന്നു.
സ്തനത്തില്‍ നിന്നുള്ള സ്രവം
സ്തനത്തിനുണ്ടാകുന്ന വേദനയും മുഴയും കഴിഞ്ഞാല്‍ സ്ത്രീകളെ ഭീതിയിലാഴ്ത്തുന്ന മറ്റൊരു ലക്ഷണമാണ് മുലഞെട്ടില്‍ നിന്നുള്ള സ്രവം. ഇത് 90 ശതമാനവും കാന്‍സര്‍ അല്ലാത്ത കാരണങ്ങള്‍കൊണ്ടാണ് സംഭവിക്കുന്നത്. 10 ശതമാനം മാത്രമാണ് കാന്‍സര്‍ സാധ്യത. സ്തനഗ്രന്ഥികള്‍ ദ്രവരൂപത്തിലുള്ള പദാര്‍ഥങ്ങളാണ് ഉല്പാദിപ്പിക്കുന്നത്. മുലയൂട്ടുന്നവരിലും മുലയൂട്ടാത്തവരിലും ഇത്തരത്തില്‍ സ്രവം ഉണ്ടാവുക സ്വാഭാവികമാണ്. ഇത് സ്തനാര്‍ബുദ ലക്ഷണമായി തെറ്റിദ്ധരിക്കുന്നവരുണ്ട്. എന്നാല്‍ ഈ സ്രവത്തോടൊപ്പം രക്ത കലര്‍ന്നതായി തോന്നുവെങ്കില്‍ നിര്‍ബന്ധമായും വിദഗ്ധപരിശോധന നടത്തണം. രക്തനിറമോ തവിട്ടു നിറമോ ഉള്ളതും വെള്ളം പോലിരിക്കുന്നതുമാണ് ദ്രാവകമെങ്കില് സ്തനാര്‍ബുദമാണെന്ന് സംശയിക്കാം.
മുലഞെട്ടുകളുടെ വ്യത്യാസം
മുലഞെട്ടുകളുടെ വലിപ്പ വ്യത്യാസവും സ്തനചര്‍മ്മത്തിലുള്ള നിറവ്യത്യാസവും അര്‍ബുദ ലക്ഷണമായി കണക്കാക്കാറുണ്ട്. മുലഞെട്ടുകള്‍ ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നത് പാരമ്പര്യമാകാം. ചെറിയ ശസ്ത്രക്രിയ കൊണ്ട് മാറ്റാനാവുന്നതേയുള്ളു. എന്നാല്‍ വേദനയോ മറ്റ് അസ്വസ്ഥകളോ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണിക്കണം. സ്തനഭാഗത്തെ ചര്‍മ്മത്തില്‍ സ്വഭാവികമായി നിറം മാറാറുണ്ട്. വളര്‍ച്ചയുടെ സമയത്തും പ്രസവത്തിന് ശേഷവും സ്തനത്തില്‍ പാടുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അത്തരം പാടുകള്‍ ക്രമേണ മാഞ്ഞു പോകുന്നതാണ്. തടിപ്പുകളോ അസ്വഭാവികമായ മുറിവുകളോ കാണപ്പെടുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം.