കണ്ണൂര്‍: മാവേലി എക്സ്പ്രസില്‍ യാത്രക്കാരെ പോലീസ് മര്‍ദ്ദിച്ചതില്‍ വിശദീകരണവുമായി ടി.ടി.ഇ. സ്ത്രീകള്‍ മാത്രമിരുന്ന കമ്പാര്‍ട്ട്മെന്റില്‍ മദ്യപിച്ച് കയറിയിരുന്ന യാത്രക്കാരന് ടിക്കറ്റ് നല്കാന് തയ്യാറായില്ലെന്നു ടി.ടി.ഇ കുഞ്ഞഹമ്മദ് പറയുന്നു.
കമ്പാര്‍ട്ട്മെന്റില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഒരാള്‍ താഴെ ഇരിക്കുന്നുണ്ടെന്നും മദ്യലഹരിയില്‍ ശല്യമുണ്ടാക്കുന്നുവെന്നും സ്ത്രീകള്‍ അറിയിച്ചത്. ഇതേതുടര്‍ന്ന് ഇയാളോട് ടിക്കറ്റ് ചോദിച്ചു. ടിക്കറ്റ് തരാന്‍ അയാള്‍ കൂട്ടാക്കിയില്ല. ടിക്കറ്റ് നല്‍കാനുള്ള ശേഷിയില്ലായിരുന്നു.മദ്യത്തിന്റെ മണമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് ചോദിച്ചിട്ടും ടിക്കറ്റ് നല്‍കിയില്ല. ഇതേതുടര്‍ന്നാണ് വടകര സ്റ്റേഷനില്‍ ഇറക്കിവിട്ടത്.
എട്ട് യാത്രക്കാര്‍ ആണ് ആ കമ്പാര്ട്ടമെന്റിലുണ്ടായിരുന്നത്. എല്ലാവരും സ്ത്രീകളായിരുന്നുവെന്നും ടി.ടി.ഇ പറഞ്ഞു.
അതേസമയം, യാത്രക്കാരനെ വടകരയില്‍ ഇറക്കിവിട്ടുവെന്ന് വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് സ്റ്റേഷന് മാസ്റ്റര്‍ അടക്കം വിവരം അറിഞ്ഞത്. ഇയാളെ കണ്ടെത്താന്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്തിയിട്ടില്ല.






