റായ്പൂര്‍ : ഛത്തിസ്ഗഡ് പൊലീസില്‍ 2021 മാര്‍ച്ചില്‍ 13 ട്രാന്‍സ്ജെന്‍ഡര്‍മാരാണ് കോണ്‍സ്റ്റബിള്‍മാരായി നിയമനം നേടിയത്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് വലിയ പിന്തുണയാണ് ഇവിടുത്തെ സര്‍ക്കാര്‍ നല്‍കുന്നത്. 13 ട്രാന്‍സ്ജെന്‍ഡര്‍മാരുടെ പൊലീസിലേക്കുള്ള നിയമനം വളരെയധികം വാര്‍ത്താ പ്രാധാന്യവും നേടിയിരുന്നു. ഇപ്പോള്‍ 2022-ലെ സര്‍ക്കാര്‍ കലണ്ടറിലും ഇടംനേടിയിരിയ്ക്കുകയാണ് ഇവര്‍.
കലണ്ടറിലെ സെപ്തംബര്‍ മാസത്തിലെ മുഖചിത്രമായാണ് പൊലീസിലെ ട്രാന്സ്ജെന്ഡറുകള് എത്തിയത്. പൊലീസ് വേഷത്തില്‍ മനോഹരമായി പുഞ്ചിരിച്ച് നില്ക്കുന്ന ട്രാന്സ്ജെന്ഡറുകളാണ് 2022 കലണ്ടറിലെ സെപ്തംബര്‍ മാസത്തിലെ മുഖചിത്രം. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ചിത്രങ്ങള്‍ വൈറലായിരിയ്ക്കുകയാണ്. നിയമനം നേടിയ 13 പേരില്‍ എട്ടുപേര്‍ തലസ്ഥാന നഗരമായ റായ്പുരില്‍ നിന്നുള്ളവരായിരുന്നു. രണ്ടുപേര്‍ രാജ്നന്ദഗോണ് സ്വദേശികള്‍, ബിലാസ്പുര്‍, കോര്‍ബ, സുര്‍ഗുജ സ്വദേശികളാണ് മറ്റുള്ളവര്‍.
2017-18 കാലഘട്ടത്തിലായിരുന്നു പരീക്ഷ നടന്നത്. മാര്‍ച്ച് ഒന്നിന് പരീക്ഷ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇവരുടെ നിയമന ഉത്തരവ് വന്നത്. മെറിറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം നേടിയത്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും അവരോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ മാറ്റം വരുന്നതിനുമാണ് ഈ ചരിത്ര നീക്കമെന്ന് സര്‍ക്കാര്‍ അന്ന് വ്യക്തമാക്കിയിരുന്നു.






