
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ ചൊല്ലി പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രക്ഷോഭം. ഇതേതുടര്‍ന്ന് പല തവണ തടസ്സപ്പെട്ട പാര്‍ലമെന്റിന്റെ ഇരുസഭകളും ഉച്ചവരെ നിര്‍ത്തിവച്ചു. ടെലിവിഷനില്‍ ദൃശ്യങ്ങള്‍ വരാനാണ് പ്രതിപക്ഷ സമരമെന്ന സ്പീക്കര്‍ സുമിത്രാ മഹാജന്റെ പ്രസ്താവന ബഹളത്തിന് എരി പകര്‍ന്നു. ഇതോടെ സ്പീക്കര്‍ ഖേദം പ്രകടിപ്പിച്ചു.
എന്നാല്‍ വിഷയത്തില്‍ സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്ന് ലോക്സഭാ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ സഭ ചേര്‍ന്നയുടന്‍ ചൂണ്ടിക്കാട്ടി. നോട്ട് പിന്‍വലിക്കലില്‍ ചര്‍ച്ച വേണമെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ബി.എസ്.പി നേതാവ് മായാവതി ഇതിനെ പിന്തുണച്ചു. നോട്ട് മാറാന്‍ വരിയില്‍ നില്‍ക്കുന്നതിനിടെ 70 പേരാണ് മരിച്ചത്. ഇവര്‍ക്ക് സഭ അനുശോചനം രേഖപ്പെടുത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ചകള്‍ നടത്താതെ ഒഴിഞ്ഞുമാറാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. സഭാ നടപടികള്‍ തടസ്സപ്പെടുത്താനാണ് പ്രതിപക്ഷ കക്ഷികളുടെ ശ്രമം. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ എത്തി മറുപടി നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തില്‍ സഭ രണ്ടു മണിവരെ നിര്‍ത്തിച്ചു.
അതിനിടെ, ഇന്‍ഡോര്‍-പട്ന ട്രെയിന്‍ അപകടത്തെ കുറിച്ചുള്ള പ്രസ്താവന റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോക്സഭയില്‍ നടത്തി. ഫോറന്‍സിക് പരിശോധന നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സുരേഷ് പ്രഭു അറിയിച്ചു.
ബുധനാഴ്ച പാര്‍ലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ സംയുക്ത ധര്‍ണ്ണ നടത്താനും പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാനും പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചു.






