
ഭോപ്പാൽ: രാജ്യ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ
രാജ്യദ്രോഹി എന്ന് വിളിച്ച മതനേതാവ് തരുണ്‍ മുരാരി ബാപ്പുവിനെതിരേ കേസ്.
അപമാനകരമായ പരാമര്‍ശം നടത്തിയതിന് കാളീചരണ്‍ മഹാരാജ് അറസ്റ്റിലായി ദിവസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു മതനേതാവിനെതിരേയും കേസ്.
നര്‍സിങ്പുരില്‍ നടന്ന ഒരു പരിപാടിയിലാണ് തരുണ്‍ മുരാരി ബാപ്പു മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.
പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം സെക്ഷന്‍ 505 (2), 153 ബി എന്നിവ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
'ആരെങ്കിലും രാഷ്ട്രത്തെ കഷ്ണങ്ങളാക്കിയാല്‍, അയാള്‍ എങ്ങനെയാണ് രാഷ്ട്രപിതാവാകുന്നത്? ഞാന്‍ ഇതിനെ എതിര്‍ക്കുന്നു, അയാള്‍ ഒരു ദേശദ്രോഹി ആണ്,' എന്നാണ് തരുണ്‍ മുരാരി പ്രസംഗത്തിനിടെ പറഞ്ഞത്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് രോഹിത് പട്ടേല്‍ നല്കിയ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.






