സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ഒരു യുഗത്തിന് അന്ത്യം കുറിച്ചു കൊണ്ട് ലോകപ്രശസ്ത സ്മാര്‍ട്ട് ഫോണായ ബ്ലാക്ക്ബെറി സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നു. ജനുവരി നാല് മുതലാണ് ബ്ലാക്ക്ബെറിയുടെ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നത്. ഒറിജിനല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സേവനങ്ങളിലും പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് ബെറി ഡിവൈസുകള്‍ക്ക് ജനുവരി 4 ന് ശേഷം സപ്പോര്‍ട്ട് ലഭ്യമാകില്ലെന്നാണ് കനേഡിയന്‍ കമ്പനി വിശദമാക്കിയത്.
2016ല്‍ സ്മാര്‍ട്ട് ഫോണുകളുടെ ഉല്പാദനം ബ്ലാക്ക് ബെറി അവസാനിപ്പിച്ചിരുന്നു. ഹാന്‍ഡ് സെറ്റ് നിര്‍മ്മാണം നിര്‍ത്തലാക്കി സോഫ്റ്റ് വെയര്‍ മേഖലയിലേക്ക് തിരിയുകയാണെന്ന് ബ്ലാക്ക് ബെറി മുന്‍പ് വ്യക്തമാക്കിയിരുന്നു. 2020ലാണ് ഈ നീക്കത്തേക്കുറിച്ച് കമ്പനി ആദ്യമായി വിശദമാക്കിയത്. ഇന്‍ഹൌസ് സോഫ്റ്റ് വെയറുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ് സെറ്റുകളുടെ പ്രവര്‍ത്തനം ജനുവരി 4ന് ശേഷം വിശ്വസനീയം ആയിരിക്കില്ലെന്നാണ് കമ്പനി വിശദമാക്കുന്നത്.
എന്നാല്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ബെറി ഹാന്‍ഡ്സെറ്റുകളുടെ പ്രവര്‍ത്തനത്തെ ഈ നീക്കം ബാധിക്കില്ല. ബ്ലാക്ക് ബെറി 7.1 ഒ എസ്, ബ്ലാക്ക് ബെറി പ്ലേബുക്ക് ഒ എസ്, ബാക്ക് ബെറി 10 എന്നീ ഒഎസുകളെ അടിസ്ഥാനമാക്കിയുള്ള ഹാന്‍സെറ്റുകളുടെ പ്രവര്‍ത്തനമാവും നിലയ്ക്കുക. പ്രധാനമായും പ്രൊഫഷണലുകളാണ് ബ്ലാക്ക്ബെറി ഫോണുകള്‍ ഉപയോഗിച്ചിരുന്നത്. ഇ-മെയില്‍ സേവനങ്ങള്‍ അനായാസം ഉപയോഗിക്കാനാകുമെന്നതായിരുന്നു ബ്ലാക്ക്ബെറി ഫോണുകളുടെ പ്രത്യേകത.






