കൊല്ലം: സ്ത്രീധനത്തിന്റെപേരിൽ ഭർത്തൃഗൃഹത്തിൽ ആത്മഹത്യചെയ്ത വിസ്മയ സഹോദരന്റെ കുഞ്ഞുമായി നിൽക്കുന്ന ചിത്രം സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജൂൺ 21-നായിരുന്നു വിസ്മയയെ ഭർത്തൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടത്. സഹോദരൻ വിജിത്തിന്റെ ഭാര്യ ഡോ. രേവതി അന്ന് ഗർഭിണിയായിരുന്നു. സഹോദരിക്ക് കാണാൻ കഴിയാതെപോയ തന്റെ മകൻ വിസ്മയയ്ക്കൊപ്പമുള്ള ചിത്രം വരയ്ക്കാൻ വിജിത്ത് ചിത്രകാരിയും കോഴിക്കോട് സ്വദേശിയുമായ അജിലാ ജനീഷിനെ സമീപിക്കുകയായിരുന്നു.
'രേവതി ആറുമാസം ഗർഭിണിയായിരുന്നപ്പോഴാണ് മോള് മരിക്കുന്നത്. വാവയെ എടുക്കാൻ പറ്റിയില്ല. മോള് വാവയെ എടുത്ത്നിൽക്കുന്ന ചിത്രം വരച്ചുതരാമോ?' എന്നായിരുന്നു വിജിത്തിന്റെ ആവശ്യം. കഴിഞ്ഞദിവസം വിസ്മയയുടെ വീട്ടിൽ ചിത്രം ലഭിച്ചു. വിസ്മയയുടെ കേസിൽ വിചാരണ തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് ചിത്രം വീട്ടിലെത്തിയത്.
ഏറെ സന്തോഷിക്കേണ്ട നിമിഷങ്ങളിൽ മകളുടെ ചിത്രംമാത്രം കാണേണ്ടിവന്നതോർത്തുള്ള സങ്കടംകൂടി. വളരെ വേദനയോടെയാണ് വിസ്മയയുടെ ചിത്രം വരച്ചുതീർത്തതെന്ന് ചിത്രകാരി അജിലയും പറയുന്നു.






