ബ്രിട്ടണിലെ ബക്കിങ്ഹാം കൊട്ടാരം ആഘോഷങ്ങളുടെ നിറവിലാണ്, ഫെബ്രുവരി ആറിന് രാജ്ഞി അധികാരത്തിലെത്തിയിട്ട് 70 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. ഇതോടെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ബ്രിട്ടീഷ് രാജ്ഞി എന്ന പദവിയും 94 വയസ്സുകാരിയായ എലിസബത്ത് രാജ്ഞിക്ക് സ്വന്തമായിരിക്കും. ജൂണ്‍ രണ്ട് മുതല്‍ അഞ്ച് വരെയുള്ള നാല് ദിവസത്തെ പരിപാടികളായിരിക്കും സംഘടിപ്പിക്കുക.
ജൂണ്‍ രണ്ടിന് രാജ്ഞിക്ക് ഔദ്യോഗിക മിലിട്ടറി പരേഡ് നടത്തും. യു.കെ.യ്ക്കും കോമണ്‍വെല്‍ത്തിനും രാജ്ഞി നല്കിയ സംഭാവനകളോടുള്ള ആദരസൂചകമായി തൊട്ടടുത്ത ദിവസം താങ്ക്സ്ഗിവിങ് പരിപാടി സംഘടിപ്പിക്കും. കൊട്ടാരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടി വിരുന്ന് നടത്തും. രാജ്ഞിയോടുള്ള ആദരസൂചകമായി യു.കെയില്‍ ഒരാഴ്ച അവധി നല്‍കാനും ആലോചനയുണ്ട്.
മിലിട്ടറി പരേഡ്, പാര്‍ട്ടികള്‍, പുതിയ ഡെസേര്‍ട്ട് ഉണ്ടാക്കുന്നതിനുള്ള മത്സരം തുടങ്ങിയ പരിപാടികള്‍ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് കൊട്ടാരം തിങ്കളാഴ്ച അറിയിച്ചു. കൊട്ടാരത്തിന്റെ നേതൃത്വത്തിലാണ് പ്ലാറ്റിനം പുഡ്ഡിങ് മത്സരം സംഘടിപ്പിക്കുന്നത്. രാജ്ഞിയ്ക്കു വേണ്ടി പുതിയ ഡെസ്സേര്‍ട്ട് കണ്ടെത്തുന്നതിനു വേണ്ടിയാണിത്. എട്ടുവയസ്സു മുതലുള്ള യു.കെ സ്വദേശികള്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. ടെലിവിഷന്‍ കുക്കറി ഷോകളിലെ പ്രമുഖരായ വ്യക്തികളായ മേരി ബെറി, മോണിക്ക ഗാലെറ്റി എന്നിവരോടൊപ്പം ബക്കിങ്ഹാം കൊട്ടാരത്തിലെ ഹെഡ് ഷെഫ് ആയ മാര്‍ക്ക് ഫ്ലാനാഗനും ചേര്‍ന്നായിരിക്കും വിധി നിര്‍ണയിക്കുക
ഒന്നാം സ്ഥാനം നേടുന്ന റെസിപ്പി ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കും. 1400 പേര് ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ലണ്ടനിലും കോണ്‍വാളിലെ ഏദന്‍ പ്രോജക്ടിലുമായിട്ടായിരിക്കും ആഘോഷങ്ങള്‍ നടക്കുക. എന്നാല്‍, രാജ്ഞി ഏത് പരിപാടിയിലാണ് പങ്കെടുക്കുക എന്ന കാര്യത്തില്‍ വ്യക്തത ഇല്ല. മറ്റു ചില രാജ്യങ്ങളില്‍ രാജ്ഞിയുടെ സേവനത്തെ ആദരിച്ചു കൊണ്ടുള്ള ചടങ്ങുകളും നടത്തും.






