
മലയാള സിനിമയ്ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച അലി അക്ബര്‍ ഇനി രാമസിംഹന്. ഇസ്ലാം മതം ഉപേക്ഷിച്ച സംവിധായകന് അലി അക്ബര്‍ തന്നെയാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ ആരാധകരെ കാര്യം അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കു നേരെ ഫെയ്സ്ബുക്കില്‍ ആഹ്ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു. ‘‘എന്റെ പേര് നാളെ മുതല്‍ രാമ സിംഹന് എന്നാക്കുകയാണ്. സംസ്കാരത്തോട് ചേര്‍ന്ന് നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്. നാളെ മുതല്‍ അലി അക്ബറിനെ നിങ്ങള്‍ക്ക് രാമസിംഹന് എന്ന് വിളിക്കാം. നല്ല പേരാണത്’’ അലി അക്ബര്‍ പറഞ്ഞത് ഇങ്ങനെ.
ബിപിന്‍ റാവത്തിന്റെ മരണ വാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ സ്മൈലികള് ഇടുന്നതായി ചൂണ്ടിക്കാട്ടി അലി അക്ബര്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവ് നടത്തിയിരുന്നു. എന്നാല്‍ ലൈവ് വീഡിയോയിലെ വര്‍ഗീയ പരാമര്‍ശം ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് സംവിധായകന്റെ അക്കൗണ്ട് ഒരു മാസത്തേക്ക് നിര്‍ജ്ജീവമാക്കി. ഇതിനെതിരേ പ്രതികരിച്ച തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ട് ഒരു മാസത്തേക്ക് വിലക്ക് ലഭിച്ചതായും ഫെയ്സ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടു കൂട്ടിയിരിക്കുകയാണെന്നും അലി അക്ബര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് മറ്റൊരു ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് താന്‍ മതം വിടുന്നതായി പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് മുന്‍ നേതാവും ഹിന്ദു സേവാകേന്ദ്രം നേതാവുമായ പ്രതീഷ് വിശ്വനാഥ് ആണ് അലി അക്ബര്‍ ഔദ്യോഗികമായി മതം മാറിയ വിവരം അറിയിച്ചത്. ‘‘ ചരിത്രം ആവർത്തിക്കുന്നു, അലി അക്ബർ രാമസിംഹനായി’’ എന്ന കുറിപ്പിന്റെ കൂടെ തൊഴുകൈകളോടെ പൂണൂലിട്ട് വെള്ള തുണിയും കാവിഷാളും ധരിച്ച് അലി അക്ബര്‍ ഹോമകുണ്ഡത്തിന് മുമ്പില്‍ ഇരിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഭാര്യ ലൂസിയാമ്മയും അലി അക്ബറിന്റെ ഒപ്പമുണ്ട്.
'1921 പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയില്‍ സംവിധായകന്റെ പേരിന് നേരെ പുതുതായി സ്വീകരിച്ച രാമസിംഹന് എന്ന പേരാകും നല്‍കുകയെന്നും നിര്‍മ്മാതാവിന്റെ ടൈറ്റിലില്‍ അലി അക്ബര്‍ എന്ന് തന്നെ നല്‍കുമെന്നും സംവിധായകന് വ്യക്തമാക്കിയിരുന്നു.






