
ബോളിവുഡ് നടൻ അർജുൻ കപൂറിന്റെ സഹോദരി അൻഷുല കപൂറും വ്യവസായി രോഹൻ താക്കറും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് കപൂർ കുടുംബം. അൻഷുലയുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ മുംബൈയിൽ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മെഹന്ദി ചടങ്ങിൽ കപൂർ കുടുംബാംഗങ്ങൾ ഒന്നടങ്കം ഒത്തുചേർന്നിരുന്നു.
ഇപ്പോഴിതാ തന്റെ മെഹന്ദി ചടങ്ങ് ഇത്രയും മനോഹരമാക്കിയതിന് സഹോദരിമാരായ ജാൻവി കപൂറിനും ഖുഷി കപൂറിനും നന്ദി അറിയിച്ച് ഇൻസ്റ്റഗ്രാമിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അൻഷുല.
"നിറങ്ങൾ, ബഹളങ്ങൾ, സ്നേഹം, പിന്നെ പൂർണ്ണമായി നിറഞ്ഞൊരു മനസ്സ്. ഞാൻ സ്വപ്നം കണ്ടതിലും അപ്പുറമുള്ള ഒരു മെഹന്ദി ചടങ്ങാണ് ജാൻവിയും ഖുഷിയും എനിക്ക് ഒരുക്കിയത്. എല്ലാ കാര്യങ്ങളും അവർ കൃത്യമായി നോക്കിനടത്തിയതു കൊണ്ടുതന്നെ, വധുവെന്ന നിലയിൽ എനിക്ക് യാതൊരു സമ്മർദ്ദവുമില്ലാതെ ആ നിമിഷങ്ങൾ പൂർണ്ണമായി ആസ്വദിക്കാൻ കഴിഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിൽ ഒന്ന് സമ്മാനിച്ചതിന് നന്ദി. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു," എന്നാണ് അൻഷുല കുറിച്ചത്.
ചലച്ചിത്ര നിർമാതാവ് ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ ഷൂരിയിലുള്ള മക്കളാണ് അർജുൻ കപൂറും അൻഷുലയും. അന്തരിച്ച നടി ശ്രീദേവിയിലുള്ള മക്കളാണ് ജാൻവിയും ഖുഷിയും. മുൻപ് പരസ്പരം അകൽച്ചയിലായിരുന്നെങ്കിലും, ശ്രീദേവിയുടെ വിയോഗത്തിന് ശേഷം ഇവർ തമ്മിൽ വലിയ അടുപ്പത്തിലാണ്.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു അൻഷുലയുടെയും രോഹന്റെയും വിവാഹനിശ്ചയം നടന്നത്. അന്നും ജാൻവിയും ഖുഷിയും തനിക്ക് നൽകിയ പിന്തുണയെക്കുറിച്ച് അൻഷുല വാചാലയായിരുന്നു. തന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നവരും തനിക്ക് താങ്ങായി നിൽക്കുന്നവരുമാണ് സഹോദരിമാരെന്നും അൻഷുല മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.






