
തെന്മല: ഇക്കുറിയും തമിഴ്നാട് സർക്കാരിന്റെ ‘പൊങ്കൽ പരിസ്’ ജനങ്ങളെ നിരാശപ്പെടുത്തിയില്ല. 21 കൂട്ടം സാധനങ്ങളാണ് കഴിഞ്ഞദിവസം മുതൽ റേഷൻകടകൾ വഴി കാർഡൊന്നിന് വിതരണം ചെയ്ത് തുടങ്ങിയത്. പച്ചരി, പഞ്ചസാര, പരിപ്പ്, പയർ, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങി കരിമ്പുവരെ ഇക്കൂട്ടത്തിലുണ്ട്. സാധനങ്ങൾ കൊണ്ടുപോകാനായി തമിഴ്നാട്ടുകാരുടെ പാരമ്പര്യ സഞ്ചിയായ മഞ്ഞസഞ്ചിയും കൊടുക്കുന്നുണ്ട്. ഇന്നുകൂടി വിതരണം ഉണ്ടായിരിക്കും. രാവിലെ മുതൽതന്നെ റേഷൻകടകൾക്ക് മുന്നിൽ സാധനങ്ങൾ വാങ്ങാനുള്ള ആളുകളുടെ തിരക്കാണുള്ളത്. 21 കൂട്ടത്തിൽ കുറവുണ്ടെന്നു കണ്ടാൽ പരാതിപ്പെടാനുള്ള ടോൾ ഫ്രീ നമ്പരും എല്ലാ റേഷൻകടകൾക്ക് മുന്നിലും പതിച്ചിട്ടുണ്ട്.
പൊങ്കലിന് തമിഴർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കരിമ്പ് വിപണി സജീവമെങ്കിലും വില നന്നേ കൂടുതലാണ്. 15 കരിമ്പ് അടങ്ങിയ ഒരുകെട്ട് കരിമ്പിന് 450 രൂപ മുതൽ 600 വരെയാണ് വില. റേഷൻകടകൾ വഴി സൗജന്യ കരിമ്പ് വിതരണമുണ്ടെങ്കിലും എല്ലാവരും കൂടുതൽ കരിമ്പ് വാങ്ങും. ബന്ധുക്കൾ പരസ്പരം കരിമ്പ് കൈമാറുകയും ഓഫിസുകളിൽ കരിമ്പ് വിതരണം ചെയ്യുകയും സാധാരണയാണ്. തിരുനെൽവേലി, തെങ്കാശി, വിരുദനഗർ ജില്ലകളിൽ നിന്നാണ് അധികമായും കരിമ്പ് എത്തുന്നത്.






