
കൊച്ചി/ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ അന്തിമവാദം കേള്‍ക്കേണ്ട നാലു വിഷയങ്ങളില്‍ കേരളവും തമിഴ്നാടും സമവായത്തിലെത്തി. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്നു കക്ഷികളുടെ അഭിഭാഷകരും കേരള, തമിഴ്നാട് ഉദ്യോഗസ്ഥരും പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിലാണു തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി യോഗത്തില്‍ പങ്കെടുക്കുമെന്നു അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.
റൂള്‍ കര്‍വ്, ഇന്‍സ്ട്രുമെന്റേഷന്‍, ഗേറ്റ് ഓപ്പറേഷന് ഷെഡ്യുള്‍, മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനവും പരാതികളും എന്നിവ സംബന്ധിച്ച വിഷയങ്ങളിലാണു ധാരണ. ചര്‍ച്ചയില്‍ യോജിപ്പിലെത്താത്ത സുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാല്പര്യ ഹര്‍ജികളാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്. അന്തിമവാദം കേള്‍ക്കേണ്ടത് ഏതൊക്കെ വിഷയങ്ങളിലായിരിക്കണമെന്നു കക്ഷികളുടെ അഭിഭാഷകര്‍ യോഗം ചേര്‍ന്നു സമവായത്തിലെത്തണമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരം കേരളത്തിന്റെ അഭിഭാഷകന് ജി. പ്രകാശാണ് യോഗം വിളിച്ചത്. ഫെബ്രുവരി രണ്ടാം വാരമാണ് അന്തിമവാദം കേള്‍ക്കല്‍ ആരംഭിക്കുന്നത്.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ചു പുതിയ പരിശോധന വേണമെന്നും അതിനുള്ള സമയമായെന്നും കേന്ദ്രജല കമ്മിഷന് സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ മേല്‍നോട്ടസമിതി അണക്കെട്ടു സന്ദര്‍ശിച്ചു നടത്തിയ പരിശോധനകളില്‍ സുരക്ഷ തൃപ്തികരമാണെന്നു കണ്ടത്തിയതായും കേന്ദ്ര ജലകമ്മിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് കുമാര്‍ ഗൗതം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അണക്കെട്ടു ബലപ്പെടുത്താന്‍ മരം മുറിക്കാനുള്ള അനുമതി കേരളം നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2010-12ല്‍ ആണ് ഇതിനുമുമ്പ് അണക്കെട്ടിന്റെ ശാസ്ത്രീയ സുരക്ഷ പരിശോധന നടന്നത്.
ജലകമ്മിഷനും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളും വിദഗ്ധരും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ അണക്കെട്ടു സുരക്ഷിതമാണെന്നു കണ്ടെത്തിയിരുന്നു. ഇതിനുശേഷം സമഗ്രമായ ശാസ്ത്രീയ പരിശോധനകള്‍ നടന്നിട്ടില്ല. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി അണക്കെട്ട് സന്ദര്‍ശിക്കുമ്പോഴുള്ള പരിശോധനകള്മാത്രമാണു നടക്കുന്നത്.






