
മുംബൈ: ഹൃദയാഘാതത്തെത്തുടര്‍ന്ന് മുതിര്‍ന്ന പിന്നണി ഗായിക ആശാ ഭോസ്‌ലേയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് യൂണിറ്റില്‍ ചികിത്സയിലാണ്.
ശനിയാഴ്‌ചയാണ് ആശയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേക്കുറിച്ച് അവരുടെ കുടുംബം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ടിരുന്ന ലതാ മങ്കേഷ്‌കറുടെ ഇളയ സഹോദരിയാണ് 92 വയസുകാരിയായ ആശ. ദശാബ്‌ദങ്ങള്‍ നീണ്ട അവരുടെ സംഗീത ജീവിതം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ടില്‍ പിറന്ന 'ആവോ ഹുസൂര്‍ തുംകോ', ആര്‍.ഡി. ബര്‍മ്മനോടൊപ്പമുള്ള 'ചുര ലിയാ ഹേ തുംനേ ജോ ദില്‍ കോ' തുടങ്ങിയ ഗാനങ്ങള്‍ ഇന്നും സംഗീതപ്രേമികള്‍ക്കിടയില്‍ സുപരിചിതമാണ്. 'പിയാ തൂ അബ് തോ ആജാ', 'യേ മേരാ ദില്‍' തുടങ്ങിയ ഗാനങ്ങളിലൂടെ അവര്‍ ഹിന്ദി സിനിമാ സംഗീതത്തില്‍ പുതിയൊരു തരംഗം തന്നെ സൃഷ്‌ടിച്ചു.
എ.ആര്‍. റഹ്‌മാനുമായുള്ള സഹകരണത്തിലൂടെ 'തന്‍ഹ തന്‍ഹ', 'രംഗീല റേ' തുടങ്ങിയ ഐക്കണിക് ഗാനങ്ങള്‍ അവര്‍ സമ്മാനിച്ചു. 'കഭി തോ നസര്‍ മിലാവോ' പോലുള്ള ഇന്‍ഡിപോപ്പ് ഗാനങ്ങളിലൂടെ പുതിയ തലമുറയുടെയും പ്രിയങ്കരിയായി മാറാന്‍ ആശാ ഭോസ്‌ലെയ്‌ക്ക് കഴിഞ്ഞു.
ഇന്ത്യന്‍ സംഗീതത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തിയിട്ടുണ്ട്. 2000-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും 2008-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു. കൂടാതെ 'ഉംറാവോ ജാന്‍', 'ഇജാസത്ത്' എന്നീ ചിത്രങ്ങളിലെ മികച്ച ആലാപനത്തിന് രണ്ട് തവണ ദേശീയ ചലച്ചിത്ര അവാര്‍ഡുകളും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്.






