
ലോകത്തിലെ ഒട്ടമിക്ക രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യയെ നന്നായി കണ്ടിട്ടില്ലെന്ന വിഷമം തോന്നിയപ്പോഴാണ് യാത്രികയായ അല്‍ക്ക തെന്നിന്ത്യയിലെ ചരിത്ര പ്രദേശങ്ങളും ക്ഷേത്രങ്ങളും കാണാന്‍ ഇറങ്ങിയത്. ക്ഷേത്രങ്ങളും സന്ദര്‍ശിക്കുന്നത് കൊണ്ട് അല്‍ക്കയുടെ 70 വയസ്സുള്ള അമ്മയും കൂടെ കൂടി. ഡല്‍ഹി സ്വദേശികളായ ഇരുവരും നവംബര്‍ 8ന് കര്ണ്ണാടകയിലെത്തിയപ്പോഴാണ് നോട്ടുകള്‍ നിരോധിച്ചെന്ന വാര്‍ത്ത അറിയുന്നത്. 1000, 500 നോട്ടുകള്‍ക്കു പുറമേ ഇവരുടെ കയ്യില്‍ ഉണ്ടായത് 80 രൂപ മാത്രം. എന്നാല്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ലഭിച്ച സ്നേഹത്തേയും സഹായങ്ങളേയും കുറിച്ചാണ് അല്‍ക്കയ്ക്ക് പറയാനുള്ളത്.
പിറ്റേന്ന് ഹോട്ടലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഹോട്ടലുകാര്‍ നിരോധിച്ച നോട്ടുകള്‍ വാങ്ങാന്‍ തയ്യാറായി. തുടര്‍ന്ന് ഹംപിയും, സിന്ധനൂറും സന്ദര്‍ശിച്ച ഇവര്‍ക്ക് പിന്നീട് പോകാനുണ്ടായിരുന്നത് തമിഴ്നാട്ടിലെ തിരുച്ചിയിലേയ്ക്ക്. യാത്ര ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ രാമു എന്ന യുവാവ് യാത്രയില്‍ തന്റെ രക്ഷകനായെന്ന് അല്‍ക്ക.
ആരാണെന്ന് പോലും ചോദിക്കാതെ പിന്നീട് യാത്രയിലുടനീളം പണം നല്‍കിയത് രാമുവാണ്. പെട്രോള്‍ പമ്പിലും ടാക്സിയിലും ഹോട്ടലിലും തന്റെ അക്കൗണ്ടില്‍ നിന്ന് പണം നല്കി രാമു സഹായിച്ചു. ഇതു വരെ നേരില്‍ കണ്ടിട്ടില്ലാത്ത ഒരാള്‍ എവിടെയോ ഇരുന്ന് പണം നല്‍കിയത് അല്‍ക്കയേയും അമ്മയേയും അത്ഭുതപ്പെടുത്തി. നവംബര്‍ 14ന് ചെന്നെയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മടങ്ങിയെത്തും വരെ രാമു എന്ന അദൃശ്യ സുഹൃത്ത് ഒപ്പം ഉണ്ടായിരുന്നു. മടങ്ങിയെത്തിയ ശേഷം തന്റെ അത്ഭുത യാത്രയെക്കുറിച്ച് അല്‍ക്ക ബ്ലോഗില്‍ എഴുതി. രാമുവിന്റെ അക്കൗണ്ടിലേയ്ക്ക് പണം ടന്‍ നല്‍കുമെന്നും അല്‍ക്ക പറയുന്നു.






