
ന്യൂഡല്‍ഹി: സഹോദരിയോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസ്സുകാരിയെ അയല്ക്കാരന് തട്ടികൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച് അഴുക്കുചാലില്‍ തള്ളി. 12 മണിക്കൂറോളം അഴുക്കു ചാലില്‍ ബോധരഹിതയായി കിടന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ആറ് വയസ്സുകാരിയായ സഹോദരിക്കൊപ്പം കളിച്ചു കൊണ്ടു നിന്ന കുഞ്ഞിനെ അയല്‍വാസിയും അച്ഛന്റെ സുഹൃത്തുമായ ബാല്‍ബിര്‍ ആണ് മിഠായി നല്കി എടുത്തു കൊണ്ടു പോയത്. ബുദ്ധിവളര്‍ച്ചാ വെല്ലുവിളി നേരിടുന്ന ആറു വയസ്സുകാരി ആദ്യം കുഞ്ഞിനെ എടുത്തു കൊണ്ടു പോയെന്ന് പറഞ്ഞെങ്കിലും അപകടം മനസ്സിലാക്കാന്‍ ആര്‍ക്കും സാധിച്ചില്ല.
പിന്നീട് കുഞ്ഞിനെ കണ്ടു പിടിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ബാല്ബീറിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനിടെ മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കുട്ടി മരിച്ചെന്ന് കരുതി ഇയാള്‍ അഴുക്കുചാലില്‍ മൂടുകയായിരുന്നു. രാത്രിയുള്ള പതിവ് മദ്യപാനത്തിന് ശേഷം ആരും കാണാതെ മുറിയിലെത്തി ഉറങ്ങുകയും ചെയ്തു. ഇതിനിടെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് ബല്‍ബീറിന്റെ വീട്ടിലെത്തി. കുട്ടിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ആദ്യം നിഷേധിച്ചെങ്കിലും ഇയാളുടെ ഷര്‍ട്ടില്‍ രക്തക്കറ കണ്ടതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
പോലീസ് കണ്ടെത്തുമ്പോള്‍ 12 മണിക്കൂര്‍ അഴുക്കു ചാലിലെ തണുപ്പില്‍ ബോധരഹിതയായിരുന്നു കുഞ്ഞ്. മരിച്ചെന്ന് കരുതിയെങ്കിലും ചികിത്സയിലൂടെ കുഞ്ഞ് അപകടനില തരണം ചെയ്തു. ബീഹാര്‍ സ്വദേശിയായ ബല്‍ബീര്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഡല്‍ഹിയില്‍ കുട്ടിയുടെ അച്ഛനൊപ്പമാണ് ജോലി ചെയ്യുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.






