
ഭോപ്പാല്‍: കര്‍ണാടകയിലെ ഹിജാബ് വിവാദത്തിനു പിന്നാലെ പ്രകോപനപരമായ പരാമര്‍ശവുമായി ബി.ജെ.പി എം.പി പ്രഗ്യാ താക്കൂര്‍. പൊതു സ്ഥലങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് പ്രഗ്യാ സിംഗ് പറഞ്ഞു. ബലേഗാവ് സ്ഫോടന കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് പ്രഗ്യാ സിംഗിന്റെ വിവാദ പരാമര്‍ശം.
'സ്ത്രീകള്‍ ഹിജാബ് ധരിക്കേണ്ട ഒരാവശ്യവുമില്ല. കാരണം ഹിന്ദുക്കള്‍ സ്ത്രീകളെ ആരാധിക്കുന്നൂ. എന്നാല്‍ സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ലാത്തവര്ക്കാണ് ഹിജാബ് ധരിക്കേണ്ടത് ആവശ്യം.'-പ്രഗ്യാ താക്കൂര്‍ പറയുന്നു.
ഒരിടത്തും ഹിജാബ് ധരിക്കേണ്ടതില്ല. സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ലാത്തവരാണ് ഹിജാബ് ധരിക്കുന്നത്. നിങ്ങള്‍ക്ക് മദ്രസ്സയുണ്ട്. അവിടെയാണ് നിങ്ങള്‍ ഹിജാബ് ധരിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. പുറത്ത്, ഹിന്ദു സമാജത്തിലാണെങ്കില് അവിടെ ഹിജാബിന്റെ ആവശ്യമില്ല. -മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രഗ്യാ താക്കൂറിന്റെ പരാമര്‍ശം.
ഹിജാബ് പര്‍ദ്ദയാണ്. പര്‍ദ്ദ ഉപയോഗിക്കുന്നത് ദുഷ്ട ലാക്കോടെ മറ്റുള്ളവര്‍ നിങ്ങളെ നോക്കുന്നത് ഒഴിവാക്കാനാണ്. എന്നാല്‍ ഹിന്ദുക്കള്‍ സ്ത്രീകളെ അത്തരം മോശം കണ്ണുകളോടെ നോക്കാറില്ല. കാരണം ഞങ്ങള്‍ സ്ത്രീകളെ ആരാധിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ ഹിജാബ് ധരിക്കൂവെന്നും പ്രഗ്യാ താക്കൂര്‍ പറഞ്ഞു.
കര്‍ണാടകയില്‍ ക്ലാസുകളില്‍ ഹിജാബ് നിരോധിച്ചതോടെയാണ് വിവാദത്തിന് തുടക്കം.ഉഡുപ്പി ജില്ലയില്‍ ആറ് വിദ്യാര്‍ത്ഥികള്‍ ഉത്തരവ് ലംഘിച്ച് കോളജില്‍ എത്തിയതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതും കോളജുകള്‍ അടച്ചിട്ടതും. ഉത്തരവ് ലംഘിച്ച് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസില്‍ പ്രവേശനം നിഷേധിച്ചിരുന്നു.
വിഷയം കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. 'ദുപ്പട്ട, വളകള്‍, ടര്‍ബണ്‍, കുരിശുകള്‍, ബിന്ദി തുടങ്ങി നൂറുകണക്കിന് മതപരമായ ചിഹ്നങ്ങള്‍ ആളുകള്‍ ധരിക്കാറുണ്ട്. എന്നാല്‍ ഇതൊന്നും ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ മതത്തിന്റെ പേരില്‍ ഹിജാബിനെ ലക്ഷ്യമിട്ടിരിക്കുകയാണെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടി.






