
സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ സ്വീഡിഷ് ക്യാമറ നിര്‍മാതാക്കളായ ഹാസില്‍ ബ്ലാഡുമായി സഹകരണം പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് മൂന്ന് വരെ ബാര്‍സലോനയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം. ഓപ്പോയുടെ ഫൈന്റ് സീരീസ് ഫോണുകളിലേക്ക് വേണ്ടി ഉന്നത നിലവാരമുള്ള ക്യാമറകള്‍ ഒരുക്കുന്നതിന് ഹാസില്‍ ബ്ലാഡും ഓപ്പോയും തമ്മില്‍ സഹകരിക്കും.
ഓപ്പോയും വണ്‍പ്ലസും തങ്ങളുടെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുകയാണ്. അതായത് നിലവിലുള്ള വണ്‍പ്ലസ് ഹാസില്‍ ബ്ലാഡ് സഹകരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഫോട്ടോഗ്രഫി സംവിധാനങ്ങള്‍ ഓപ്പോയ്ക്കും ഇനി ഉപയോഗിക്കാന്‍ സാധിക്കും. സഹകരണത്തിന്റെ ഭാഗമായി ഈ വര്‍ഷം പുറത്തിറങ്ങാന്‍ പോവുന്ന ഓപ്പോ ഫൈന്‍ഡ് എക്സ് സീരീസില്‍ ആദ്യ ഹാസില്‍ബ്ലാഡ് ക്യാമറയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഓപ്പോയും തങ്ങളുടെ ഉല്പന്നങ്ങള് പ്രദര്‍ശിപ്പിക്കുന്നുണ്ട്. പുതിയ മൊബൈല്‍ ഉപകരണങ്ങളും ഒരു കണക്റ്റിവിറ്റി ഉല്പന്നവും ഇതിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗ്മെന്റഡ് റിയാലിറ്റിയിലെയും 5ജിയിലേയും തങ്ങളുടെ നേട്ടങ്ങളും ഫ്ളാഗ്ഷിപ്പ് ഉല്പന്നങ്ങളും കമ്പനി അവതരിപ്പിയ്ക്കും.






