തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യത ആവശ്യമുള്ള 76 കാറ്റഗറികളിലേക്കു പിഎസ്സിയുടെ പൊതു പ്രാഥമിക പരീക്ഷ മേയ്, ജൂണ്‍ മാസങ്ങളില്‍ നടക്കും. 4 ഘട്ടങ്ങളായുള്ള പരീക്ഷയ്ക്ക് സംസ്ഥാനത്തുടനീളം കേന്ദ്രങ്ങള്‍ ഉണ്ടാകും. 157 തസ്തികകളിലേക്ക് 60 ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്.
അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനില്‍ ജൂനിയര്‍ അസിസ്റ്റന്റ്, റവന്യു വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലേക്കുള്ള പൊലീസ് കോണ്‍സ്റ്റബിള്‍, ബവ്കോയില്‍ എല്‍ഡി ക്ലാര്‍ക്ക്, ജയില്‍ വകുപ്പില്‍ അസി.പ്രിസണ്‍ ഓഫിസര്‍, ഫീമെയില്‍ പ്രിസണ്‍ ഓഫിസര്‍, വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പറേഷനില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്, കേരള കോ-ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ പ്യൂണ്‍/അറ്റന്‍ഡര്‍ തുടങ്ങിയവയാണ് പരീക്ഷ നടക്കുന്ന പ്രധാന തസ്തികകള്‍.
വിശദാംശവും സിലബസും പിഎസ്സി വെബ്സൈറ്റില്‍ ലഭ്യമാകും . പരീക്ഷയ്ക്ക് സ്ഥിരീകരണം നല്‍കാനുള്ള സമയം മാര്‍ച്ച് 11 വരെയാണ്. അപേക്ഷിച്ച ഓരോ തസ്തികയ്ക്കും പരീക്ഷ എഴുതുമെന്നു പ്രത്യേകം ഉറപ്പു നല്‍കണം. നിശ്ചിത ദിവസത്തിനകം ഉറപ്പു നല്കാത്തവരുടെ അപേക്ഷ നിരസിക്കും. സ്ഥിരീകരണം നല്കുമ്പോള് പരീക്ഷയുടെ മാധ്യമം മലയാളം, കന്നഡ, തമിഴ് എന്നിവയില്‍ ഏതെന്നു രേഖപ്പെടുത്തണം. തിരഞ്ഞെടുത്ത മാധ്യമത്തില്‍ മാത്രമേ ചോദ്യക്കടലാസ് ലഭ്യമാകുകയുള്ളൂ. പിന്നീട് ലഭിക്കുന്ന പരാതി സ്വീകരിക്കില്ല. സ്ഥിരീകരണം നല്കുന്നതിനു മുന്‍പ് വിലാസത്തില്‍ മാറ്റം വരുത്തിയാല്‍ ജില്ലയിലെ ലഭ്യത നോക്കി പരീക്ഷാകേന്ദ്രം അനുവദിക്കും.
സമാന യോഗ്യതയുള്ള തസ്തികകള്‍ക്ക് പൊതു പ്രാഥമിക പരീക്ഷയും അതില്‍ അര്‍ഹത നേടുന്നവര്‍ക്ക് അന്തിമ പരീക്ഷയും നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന രീതി കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 4 ഘട്ടങ്ങളിലായി 192 തസ്തികകളിലേക്ക് ആദ്യ പത്താം തല പ്രാഥമിക പരീക്ഷ നടത്തി. 18 ലക്ഷത്തോളം അപേക്ഷകരാണ് ഉണ്ടായിരുന്നത്.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അന്തിമ പരീക്ഷകളും നടന്നു. ലാസ്റ്റ് ഗ്രേഡ്, എല്‍ഡി ക്ലാര്‍ക്ക് എന്നിവയുടെ സാധ്യതാ പട്ടിക മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും. പ്രമാണ പരിശോധന പൂര്‍ത്തിയാക്കി ഏപ്രില്‍, മേയ് മാസങ്ങളില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്നു മറ്റു തസ്തികകളുടെ പട്ടികകളും പ്രസിദ്ധീകരിക്കും.ആദ്യ പ്രാഥമിക പരീക്ഷ കഴിഞ്ഞ് ഒരു വര്‍ഷം തികയുമ്പോഴാണ് വീണ്ടും പത്താം തല പ്രാഥമിക പരീക്ഷ നടത്തുന്നത്. ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിനു മുന്‍പ് അടുത്ത പട്ടിക പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ തിരഞ്ഞെടുപ്പു നടപടി വേഗത്തിലാക്കും.





