നാനോ കാറിനെ കിടിലനൊരു ഹെലികോപ്റ്ററാക്കി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിയ്ക്കുകയാണ് ബിഹാറിലെ ബാഗഹ് സ്വദേശിയായ ഗുഡു ശര്‍മ. വെറും രണ്ട് ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഗുഡു ശര്‍മ തന്റെ കാറിനെ ഹെലികോപ്റ്ററാക്കി മാറ്റിയത്. എന്നാല്‍ രൂപം കൊണ്ട് മാത്രമാണ് ഈ കാറിനെ ഹെലികോപ്റ്ററാക്കിയത്. ഈ ഹെലികോപ്റ്റര്‍ പറക്കില്ല.
കല്യാണ ആവശ്യങ്ങള്‍ക്ക് ഈ വാഹനം വാടയ്ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇതിലൂടെ ദിവസം 15,000 രൂപ വരുമാനവും ഗുഡു ശര്‍മ്മ നേടുന്നുണ്ട്. മെറ്റല്‍ പ്ലേറ്റുകള്‍ ഉപയോഗിച്ചാണ് നാനോ കാറിന് ഹെലികോപ്റ്ററിന്റെ രൂപം നല്‍കിയിട്ടുള്ളത്. പ്രോപ്പല്ലര്‍ ഉള്‍പ്പെടെ നല്‍കിയിട്ടുമുണ്ട്. ഒന്നരലക്ഷം രൂപ ചെലവിട്ടാണ് നാനോയ്ക്ക് ഹെലികോപ്റ്റര്‍ രൂപം നല്‍കിയത്. 50,000 രൂപ മുടക്കി ഇതിനുള്ളില്‍ അല്‍പ്പം ആഡംബര സംവിധാനങ്ങളും നല്‍കിയിട്ടുണ്ട്.
വിവാഹത്തിന് വധൂവരന്മാരെ കൊണ്ടു പോകുന്നതിനായി വലിയ ഡിമാന്റാണ് ഈ വാഹനത്തിനുള്ളത്. വിവാഹം ആഘോഷമാക്കുന്നതിന് പല മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം വളരെ ചെലവേറിയവയാണ്. എന്നാല്‍, നാനോ ഹെലികോപ്റ്റര്‍ എന്നത് സാധാരണക്കാരന് താങ്ങാന്‍ സാധിക്കുന്ന ആഡംബരമാണെന്നാണ് ശര്‍മ പറയുന്നത്. ഭൂരിഭാഗം ദിവസങ്ങളിലും ഈ വാഹനം വിവാഹങ്ങള്‍ക്കായി ആളുകള്‍ ബുക്കുചെയ്യാറുണ്ട്. ബീഹാറില്‍ ഇത് ആദ്യമായിട്ടല്ല നാനോ കാര്‍ ഹെലികോപ്റ്റര്‍ രൂപത്തിലേക്ക് മാറുന്നതെന്നും മുമ്പും ഇതുണ്ടായിട്ടുണ്ടെന്നും ശര്‍മ പറയുന്നു.






