
ലളിതം സുന്ദരം’ സിനിമയ്ക്കു വേണ്ടി സ്കൈ ഡൈവിങ് നടത്തി മഞ്ജു വാരിയരുടെയും മധു വാരിയരുടെയും സുഹൃത്ത്. ‘ലളിതം സുന്ദരം’ എന്നെഴുതിയ ടീ ഷർട്ട് ധരിച്ചാണ് മധു വാരിയരുടെ സഹപാഠി കൂടിയായ രാജിവ് രാഘവൻ ആകാശത്തിൽ നിന്നൊരു പ്രമോഷനുമായെത്തിയത്.
മധു വാരിയറുടെ ഉറ്റ ചങ്ങാതിയാണ് രാജിവ്. തന്റെ പ്രിയ സുഹൃത്തിനുള്ള സർപ്രൈസ് സമ്മാനമായാണ് അദ്ദേഹം ഈ ആകാശ ചാട്ടം പ്ലാൻ ചെയ്തത്. ചേട്ടന് ഇതുപോലൊരു കൂട്ടുകാരനെ കിട്ടിയതു തന്നെ മഹാഭാഗ്യമാണെന്നും സൗഹൃദത്തിന് അതിരുകളില്ലെന്ന് രാജിവ് തെളിയിച്ചെന്നും വീഡിയോ പങ്കുവെച്ച് മഞ്ജു വാരിയർ കുറിച്ചു. ദുബായിൽ പ്രവർത്തിക്കുന്ന ജെംസ് ലെഗസി സ്കൂളിന്റെ, സ്കൂൾ ഓഫ് ഓപ്പറേഷൻസിന്റെ മാനേജറാണ് രാജിവ് രാഘവൻ.
ബിജു മേനോൻ, മഞ്ജു വാരിയർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. ഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്ത ഈ ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ റിലീസ് ചെയ്യും. തിരക്കഥ പ്രമോദ് മോഹൻ.
സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, ദീപ്തി സതി, രമ്യ നമ്പീശൻ, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്, മാസ്റ്റര്‍ ആശ്വിന് വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരാണ് അഭിനേതാക്കൾ. സെഞ്ച്വറി ഫിലിംസും മഞ്ജു വാരിയർ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം. പി. സുകുമാർ, ഗൗതം ശങ്കർ എന്നിവർ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ബിജിബാലാണ്. ലിജോ പോളാണ് ഈ ചിത്രത്തിന്റെ എഡിറ്റർ.






