അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ ആദ്യ ഓള്-ഇലക്ട്രിക് എസ്യുവിയെ പരിചയപ്പെടുത്തി കമ്പനി. ജീപ്പ് കോമ്പസിന്റേതിന് സമാനമായ വലുപ്പമുള്ള കോംപാക്ട് ഇലക്ട്രിക് എസ്യുവി അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ടെങ്കിലും വാഹനത്തിന്റെ സാങ്കേതിക സവിശേഷതകള്‍ ബ്രാന്‍ഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ചതുരാകൃതിയിലുള്ള ഗ്രില്‍ സ്ലാറ്റുകള്‍ വീണ്ടും ജനപ്രിയമായ കോമ്പസിനെ അനുസ്മരിപ്പിക്കുന്നുണ്ട്. കൂടാതെ ചെറിയ അക്ഷരത്തില്‍ അടച്ച ഗ്രില്ലിന്റെ ആറാമത്തെ സ്ലാറ്റിനുള്ളില് ഒരു 'ഇ' ബാഡ്ജും സ്ഥാപിച്ചിരിക്കുന്നതായി കാണാം. ഗ്രില്ലിന് താഴെ ജീപ്പ് ഇലക്ട്രിക് എസ്യുവിക്ക് ഷാര്‍പ്പ് ഓപ്പണിംഗ് ഉണ്ട്. ഫ്രണ്ട് ബമ്പര്‍ സെക്ഷനില്‍ കറുത്ത ഹൗസിനുള്ളില്‍ ഫോഗ് ലാമ്പുകള്‍ ഇവിയുടെ ലുക്ക് വര്‍ധിപ്പിക്കുന്നുണ്ട്. മധ്യഭാഗത്തായി കമ്പനി ഒരു സെന്‍സര്‍ സ്ഥാപിച്ചിരിക്കുന്നു. എസ്യുവി ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നതിന് വശങ്ങളിലും വീല്‍ ആര്‍ച്ചുകള്‍ക്കും ചുറ്റും കട്ടിയുള്ള ബോഡി ക്ലാഡിംഗ് ഉണ്ട്. ബോണറ്റിന് മസ്ക്കുലര്‍ ആകൃതിയാണ് അമേരിക്കന്‍ ബ്രാന്‍ഡ് സമ്മാനിച്ചിരിക്കുന്നത്.
പിന്‍ഭാഗത്ത് ജീപ്പ് ഇലക്ട്രിക് എസ്യുവിക്ക് X ആകൃതിയിലുള്ള ടെയില്‍ ലാമ്പ് ഗ്രാഫിക്സ് ഉണ്ട്. റെനഗേഡില്‍ നിന്നും പരിണമിച്ചെത്തിയ സ്കള്‍പ്പ്ഡ് ടെയില്‍ഗേറ്റ്, ഇന്റഗ്രേറ്റഡ് സ്പോയിലര്‍, കറുത്ത നിറത്തില്‍ ചായം പൂശിയ ഷാര്‍ക്ക് ഫിന് ആന്റിന എന്നിവയ്ക്കൊപ്പം ഇവിയുടെ പിന്‍വശവും ഏറെ മനോഹരമാണ്. പിന് ബമ്പറിന് ഇരുവശത്തും തിരശ്ചീനമായ റിഫ്ളക്ടറുകളും ഇടംപിടിച്ചിട്ടുണ്ട്. ജീപ്പ് ഓള് ഇലക്ട്രിക് 5 സീറ്റര്‍ എസ്യുവി 2022 നവംബറില്‍ പോളണ്ടിലെ ബ്രാന്‍ഡിന്റെ ഫെസിലിറ്റിയില്‍ ഉത്പാദനത്തില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്.






