മയോണൈസും ചീസും കൈവശം വെച്ചതിന് ജയില്‍ശിക്ഷ അനുഭവിയ്ക്കുന്ന ദമ്പതികളുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ടെക്സാസിലെ ബ്രൗണ്‍സ്വില്ലില്‍ നിന്നുള്ള അന റിയോജയും മരിയ കോണ്‍സുലോ ഡി യുറേനോയുമാണ് ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിയ്ക്കുന്നത്. ചീസ്, മയോന്നൈസ്, മറ്റ് ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കള്‍ എന്നിവ അനധികൃതമായി സമ്പാദിച്ചതിനെ തുടര്‍ന്നാണ് ഇരുവരും പിടിയിലായത്.
അഞ്ച് വര്‍ഷത്തിനിടയിലാണ് തട്ടിപ്പ് നടന്നത്. ഈ സമയത്ത് ദമ്പതികള്‍ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് മാത്രം നല്കുന്ന SNAP ഫുഡ് സ്റ്റാമ്പുകള്‍ 'ബോര്‍ഡര്‍ മീറ്റ്സ്' എന്ന പ്രാദേശിക വിപണിയില്‍ ഭക്ഷണത്തിനായി കൈമാറി. ഇരുവരും നൂറുകണക്കിന് മറ്റ് ഉപഭോക്താക്കളുടെ എസ്എന്‍എപി ഫുഡ് സ്നാപ്പുകള്‍ ഉപയോഗിച്ച് കുറഞ്ഞത് 713 അനധികൃതമായ ഇടപാടുകളെങ്കിലും നടത്തി.
1.2 മില്യണ്‍ ഡോളറിന്റെ ഫുഡ് സ്റ്റാമ്പ് തട്ടിപ്പാണ് നടത്തിയത്. ഇരുവരും കോടതിയില്‍ കുറ്റം സമ്മതിച്ചു. പല ഭക്ഷ്യസാധനങ്ങളും ലഭിക്കാന്‍ തിരിമറി നടത്തുകയും അത് യുഎസ് അതിര്‍ത്തിയില്‍ വില്‍ക്കുകയും കടത്തുകയും ചെയ്തു. 49.1 ടണ്‍ അമേരിക്കന്‍ ചീസ് സ്ലൈസുകള്‍, 22.3 ടണ്‍ പിന്റോ ബീന്‍സ്, 1.6 ടണ്‍ ഫോള്ജേഴ്സ് കോഫി, 1.4 ടണ്‍ പ്രത്യേക തരാം ഉരുളക്കിഴങ്ങ്, 5,000 ഗാലന് മയോന്നൈസ് എന്നിവയാണ് ഇവര്‍ കടത്തിയത്.
തുടര്‍ന്ന്, 2016 സെപ്റ്റംബറില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷനും കൃഷി വകുപ്പും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. അഴിമതിയുടെ എല്ലാ വിശദാംശങ്ങളും കണ്ടെത്താന്‍ വകുപ്പിന് വര്‍ഷങ്ങളെടുത്തു. ഇരുവരും കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് റിയോജയ്ക്കും ഡി യുറേനോയ്ക്കും ജയില്‍ ശിക്ഷ വിധിച്ചു. റിയോജയ്ക്ക് 30 മാസത്തെ തടവും യുറേനോയ്ക്ക് 37 മാസത്തെ തടവും തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ നല്ലനടപ്പുമാണ് ശിക്ഷ.






