
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് കോഴിയ്ക്ക് പെഡിക്യൂര്‍ ചെയ്ത ചിത്രങ്ങളാണ്. ചൈനയിലെ ഷാങ്ഹായില്‍ നിന്നുള്ള യി യി എന്ന യുവതിയാണ് തന്റെ പ്രിയപ്പെട്ട കോഴിയ്ക്ക് പെഡിക്യൂര്‍ ചെയ്ത് നല്‍കിയത്. കോഴിയെ സുന്ദരിയാക്കണമെന്ന് ആഗ്രഹിച്ച യി യി കോഴിയേയും കൊണ്ട് ഒരു നെയില്‍ സലൂണിലേക്ക് പോയി. എന്നാല്‍ അവര്‍ അതിന്റെ നഖങ്ങള്‍ പെഡിക്യൂര്‍ ചെയ്യാന്‍ വിസമ്മതിച്ചു. ഒരു കോഴിയെ പെഡിക്യൂര്‍ ചെയ്തുവെന്ന് അറിഞ്ഞാല്‍ അവിടെ സ്ഥിരം വരുന്ന ആളുകള്‍ അതൃപ്തരാകുമെന്നും, അത് സ്ഥാപനത്തിന്റെ ബിസിനസിനെ സാരമായി ബാധിക്കുമെന്നും ഉടമ യി യിയോട് പറഞ്ഞു.
ഇതോടെ തന്റെ കോഴിയ്ക്ക് സ്വന്തമായി പെഡിക്യൂര്‍ ചെയ്യാന്‍ യി യി തീരുമാനിച്ചു. ഒരു മണിക്കൂറിലധികം സമയമെടുത്ത് അവള് കോഴിയുടെ നഖങ്ങള്‍ സുന്ദരമാക്കി. ആദ്യം കാലുകള്‍ കഴുകി വൃത്തിയാക്കി. തുടര്‍ന്ന് ഓരോ കാലിലും നെയില്‍ പോളിഷ് ഇട്ടു. ഓരോ കാലിലും ഓരോ നിറത്തിലുള്ള നെയില്‍ പോളിഷാണ് അവള് ഇട്ടു കൊടുത്തത്. ഇത് കൊണ്ടു തീര്‍ന്നില്ല യി യി കോഴിയുടെ നഖങ്ങളില്‍ മുത്തുകളും പതിച്ചു കൊടുത്തു. ഇതോടെ കോഴിയുടെ കാലുകള്‍ അതിമനോഹരമാകുകയും ചെയ്തു.
തന്റെ വിഷമഘട്ടത്തില്‍ തന്നോടൊപ്പം നിന്നതിനുള്ള ഒരു സമ്മാനമായിട്ടാണ് കോഴിയെ യി യി ഇങ്ങനെ മനോഹരിയാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോഴി യി യിയോടൊപ്പമുണ്ട്. അവള് സങ്കടപ്പെടുന്ന സമയത്തെല്ലാം ഒരു കൂട്ടായി കോഴി യി യിയുടെ അരികില്‍ തന്നെ ഇരിക്കും. എന്നാല്‍, ഇതിനെല്ലാം എങ്ങനെ നന്ദി പറയുമെന്ന് സംശയിച്ചിരുന്ന യിയ്ക്ക് തോന്നിയ ബുദ്ധിയാണ് ഈ ബ്യൂട്ടി സലൂണ്‍ സെഷനെന്ന് യി യി പറയുന്നു. കോഴിയുടെ നഖത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഒരു തരത്തില്‍ പക്ഷിയെ പീഡിപ്പിക്കുന്നതിന് തുല്യമാണ് ഇതെന്നാണ് പലരും പ്രതികരിച്ചത്. എന്നാല്‍, കോഴിയുടെ നടത്തത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ഇതുകൊണ്ട് യാതൊരു പ്രയാസവും കോഴിയ്ക്ക് ഇല്ലെന്നും യി യി മറുപടി പറഞ്ഞു.






