
ലോകത്തെ ഏറ്റവും മലിനമായ ദ്വീപ് എന്നാണ് ഹെന്ഡേഴ്സണ് ദ്വീപ് അറിയപ്പെടുന്നത്. ബ്രിട്ടീഷ് റോയല്‍ നേവി 1937-ലാണ് പസഫിക് സമുദ്രത്തിലെ ഈ ദ്വീപ് കണ്ടെത്തിയത്. ദക്ഷിണ അമേരിക്കയിലെ ചിലെയില്‍ നിന്ന് ഏതാണ്ട് 5800 കിലോമീറ്റര്‍ അകലെയാണ് ആള്‍ത്താമസമില്ലാതെ ഒറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപുള്ളത്. 37.3 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവ് മാത്രമാണ് ഈ ദ്വീപിനുള്ളത്.
ഒരു ദിവസത്തില്‍ ശരാശരി 270 മനുഷ്യനിര്‍മ്മിത വസ്തുക്കളാണ് ഈ ദ്വീപിലേക്ക് കടല്‍ത്തിരയില്‍ പെട്ട് എത്തുന്നത്. ഈ ദ്വീപ് എവിടെയാണെന്ന് അടുത്ത കാലത്ത് സംശയം ഉണ്ടായിരുന്നു. പസിഫിക്കിലെ കാലാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ ഈ ദ്വീപിനെ ഉപയോഗപ്പെടുത്താന്‍ ഗവേഷകര്‍ ശ്രമിച്ചതോടെയാണ് ഈ സംശയം ഉയര്‍ന്നത്. 1937ല്‍ അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ദ്വീപിന്റെ സ്ഥാനവും ഘടനയും എല്ലാം നിര്‍ണ്ണയിച്ചത്. ഇവ രണ്ടും ഇന്ന് സാറ്റലൈറ്റിന്റെ ഉപയോഗിച്ച് പുനര്നിര്ണയിച്ചപ്പോഴാണ് ലൊക്കേഷന്‍ രേഖപ്പെടുത്തിയതിലെ തെറ്റ് തിരിച്ചറിഞ്ഞത്.
മുന്‍പ് രേഖപ്പെടുത്തിയ മേഖലയില്‍ നിന്ന് ഏതാണ്ട് ഒരു മൈല്‍ മാറിയാണ് ദ്വീപിന്റെ യഥാര്‍ഥ ലൊക്കേഷന്‍ എന്ന് ഗവേഷകര്‍ പറയുന്നു. ഈ മേഖലയില്‍ പട്രോളിങ്ങിനായി ഉപയോഗിച്ചിട്ടുള്ള ബ്രിട്ടീഷ് കപ്പല്‍ എച്ച്എംഎസ് സ്പേയുടെ സഹായത്തോടെയാണ് ലൊക്കേഷന്‍ നിര്‍ണയം പൂര്‍ത്തിയാക്കിയത്. കപ്പലിലെ റഡാറുപയോഗിച്ചാണ് സാറ്റ്ലെറ്റിന് ദ്വീപിലേക്കുള്ള യഥാര്‍ഥ ദിശ കാട്ടിക്കൊടുത്തത്. തുടര്‍ന്ന് ദ്വീപിന്റെ കൃത്യമായ സ്ഥാനം നിര്‍ണയിക്കുകയായിരുന്നു.
ഇവിടെ അടിഞ്ഞ് കൂടിയിരിക്കുന്ന പ്ലാസ്റ്റിക്, ദ്വീപിന്റെ ജൈവഘടനയെ ബാധിക്കുന്നുണ്ട്. ഇവിടെ നിന്ന് ഈ മാലിന്യം നീക്കം ചെയ്യുകയെന്നത് പ്രായോഗികമാകാനും സാധ്യതയില്ല. കടല്‍പക്ഷികളെയും ദ്വീപിനോട് ചേര്‍ന്ന് ജീവിക്കുന്ന ചെറു ജീവികളെയുമാകും ഈ മാലിന്യക്കൂമ്പാരം ഏറ്റവും പ്രതികൂലമായി ബാധിക്കുക. പസിഫിക്കിന്റെ ഏതാണ് ഒത്ത മധ്യത്തിലായുള്ള കിടപ്പാണ് ഇത്രയധികം പ്ലാസ്റ്റിക് ഈ ദ്വീപിലേക്കെത്താനുള്ള കാരണമെന്നാണ് കരുതുന്നത്. പസിഫിക്കിലെ എല്ലാ മേഖലയില്‍ നിന്നുമുള്ള ഒഴുക്ക് ഈ ദ്വീപിലേക്കെത്തിച്ചേരാറുണ്ട്. ഏതാണ്ട് 40 ദശലക്ഷം പ്ലാസ്റ്റിക്ക് വസ്തുക്കളാണ് ഈ ദ്വീപില്‍ കുമിഞ്ഞു കൂടി കിടക്കുന്നതെന്നാണ് കണക്കു കൂട്ടുന്നത്.






