റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 120 ആനിവേഴ്സറി പതിപ്പ് സ്വന്തമാക്കി യുവതാരം ധ്യാന്‍ ശ്രീനിവാസന്. കൊച്ചിയിലെ റോയല്‍ എന്‍ഫീല്‍ഡ് കമ്പനി സ്റ്റോറില്‍ നിന്നാണ് ധ്യാന്‍ പുതിയ വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന മിലാന് മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ട്വിന്‍സ് ആനിവേഴ്സറി എഡീഷന് പുറത്തിറങ്ങുന്നത്.
മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണ മേഖലയില്‍ റോയല്‍ എന്‍ഫീല്‍ഡ് 120 വര്‍ഷം പിന്നിടുന്നതിന്റെ ആഘോഷമായാണ് 650 ട്വിന്‍സ് ആനിവേഴ്സറി എഡീഷന്. സവിശേഷ ബാഡ്ജിങ്ങും പ്രത്യേക ലിവറിയുമൊക്കെയായിട്ടാണു ബൈക്കുകളുടെ വരവ്. കോണ്ടിനെന്റല് ജി ടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നിവയുടെ ആനിവേഴ്സറി എഡീഷന് വകഭേദത്തെ കലക്ടേഴ്സ് എഡീഷന് എന്നാണ് നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത്. ബുക്കിങ് തുടങ്ങി വെറും 120 സെക്കന്‍ഡിനുള്ളില്‍ തന്നെ ഇന്ത്യയ്ക്ക് അനുവദിച്ച 120 യൂണിറ്റും വിറ്റു തീര്‍ത്ത് റോയല്‍ എന്‍ഫീല്‍ഡ് ചരിത്രം സൃഷ്ടിച്ചിരുന്നു.
കോണ്ടിനന്റല് ജി ടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നിവയുടെ ആനിവേഴ്സറി എഡീഷന് വിഭാഗത്തില്‍ ആകെ 480 യൂണിറ്റ് മാത്രമാവും ലോകവ്യാപകമായി വില്പനയ്ക്കെത്തിയത്. പിച്ചളയില്‍ കൈ കൊണ്ടു കൊത്തിയെടുത്ത ടാങ്ക് ബാഡ്ജ് സഹിതമെത്തുന്ന ആനിവേഴ്സറി എഡീഷന് റിച്ച് ബ്ലാക്ക് ക്രോം നിറമാണ്. ആനിവേഴ്സറി എഡീഷനില്‍ ഉപയോഗിക്കുന്ന അക്സസറി കിറ്റുകള്‍ക്ക് സവിശേഷ ബ്ലാക്ക്ഡ് ഔട്ട് നിറമാണു റോയല്‍ എന്‍ഫീല്‍ഡ് തിരഞ്ഞെടുത്തിരിക്കുന്നത്. ഒപ്പം മൂന്നു വര്‍ഷത്തെ പതിവു വാറന്റിക്കു പുറമെ നാലും അഞ്ചും വര്ഷങ്ങളിലേക്കു നീളുന്ന ദീര്ഘിപ്പിച്ച വാറന്റിയും ഈ പരിമിതകാല പതിപ്പിനു നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
648 സിസി കപ്പാസിറ്റിയുള്ള പാരലല്‍ ട്വിന്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും ഈ എന്ജിന്. ആറു സ്പീഡാണ് ട്രാന്സ്മിഷന്. കഴിഞ്ഞ വര്‍ഷം ഒരു മിനി കൂപ്പറും ബിഎംഡബ്ല്യു എക്സ് 6ഉം ധ്യാന്‍ തന്റെ ഗാരേജിലെത്തിച്ചിരുന്നു.






