ബ്രിട്ടണിലെ ബക്കിങ്ഹാം കൊട്ടാരം ആഘോഷങ്ങളുടെ നിറവിലാണ്, എലിസബത്ത് രാജ്ഞി അധികാരത്തിലെത്തിയിട്ട് 70 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. ഫെബ്രുവരി ആറിനാണ് എലിസബത്ത് രാജ്ഞി അധികാരത്തിലേറിയിട്ട് 70 വര്‍ഷങ്ങള്‍ പൂര്‍ത്തിയായത്. ഇതോടെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ബ്രിട്ടീഷ് രാജ്ഞി എന്ന പദവിയും 94 വയസ്സുകാരിയായ എലിസബത്ത് രാജ്ഞിക്ക് സ്വന്തമായിരിക്കുകയാണ്. പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് നിരവധി പരിപാടികളും കൊട്ടാരം സംഘടിപ്പിക്കുന്നുണ്ട്.
സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് വോഗ് മാഗസിന്റെ കവര്‍ഗേളായ എലിസബത്ത് രാജ്ഞിയുടെ ചിത്രങ്ങളാണ്. ഹോളിവുഡ് താരം അന്യാ ടെയ്ലര് ജോയും എലിസബത്ത് രാജ്ഞിയുമാണ് വരുന്ന വോഗ് പതിപ്പിലെ മുഖചിത്രങ്ങള്‍. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ചരിത്രത്തിലെ ആദ്യ ബ്രിട്ടീഷ് ഭരണാധികാരിയായ എലിസബത്ത് രാജ്ഞിക്ക് ആദരം പങ്കുവെച്ചാണ് വോഗ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.
1957ല്‍ ആന്റണി ആംസ്ട്രോങ് ജോണ്‍സ് പകര്‍ത്തിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് വോഗിന്റെ കവറില്‍ വന്നത്. 1820ല്‍ ജോര്‍ജ് നാലാമനു വേണ്ടി തയ്യാറാക്കിയ ഡയമണ്ട് കിരീടം ഉള്‍പ്പെടെ അണിഞ്ഞ് നില്ക്കുന്ന രാജ്ഞിയാണ് ചിത്രത്തിലുള്ളത്. സ്വര്‍ണവും വെള്ളിയും വജ്രവും പതിപ്പിച്ചതാണ് കിരീടം രാജ്ഞിയുടെ സ്റ്റൈല്‍ ചോയ്സുകളെക്കുറിച്ചും മാഗസിനില്‍ പറയുന്നുണ്ട്. അവ കുറ്റമറ്റതാണ്, എല്ലായ്പ്പോഴും ശരിയായതും ആത്മവിശ്വാസം നിറയുന്നതും ഒരിക്കലും ശുഭാപ്തിവിശ്വാസം, പ്രതീക്ഷ, സ്ഥിരത തുടങ്ങിയ സന്ദേശങ്ങള്‍ പങ്കുവെക്കുന്നതില്‍ പരാജയപ്പെടാത്തതും ആണെന്ന് മാഗസിനിലുണ്ട്.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ രണ്ട് മുതല്‍ അഞ്ച് വരെയുള്ള നാല് ദിവസത്തെ പരിപാടികളായിരിക്കും കൊട്ടാരം സംഘടിപ്പിക്കുക. ജൂണ്‍ രണ്ടിന് രാജ്ഞിക്ക് ഔദ്യോഗിക മിലിട്ടറി പരേഡ് നടത്തും. യു.കെ.യ്ക്കും കോമണ്‍വെല്‍ത്തിനും രാജ്ഞി നല്കിയ സംഭാവനകളോടുള്ള ആദരസൂചകമായി തൊട്ടടുത്ത ദിവസം താങ്ക്സ്ഗിവിങ് പരിപാടി സംഘടിപ്പിക്കും. കൊട്ടാരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടി വിരുന്ന് നടത്തും. രാജ്ഞിയോടുള്ള ആദരസൂചകമായി യു.കെയില്‍ ഒരാഴ്ച അവധി നല്‍കാനും ആലോചനയുണ്ട്.
മിലിട്ടറി പരേഡ്, പാര്‍ട്ടികള്‍, പുതിയ ഡെസേര്‍ട്ട് ഉണ്ടാക്കുന്നതിനുള്ള മത്സരം തുടങ്ങിയ പരിപാടികള്‍ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് കൊട്ടാരം അറിയിച്ചു. കൊട്ടാരത്തിന്റെ നേതൃത്വത്തിലാണ് പ്ലാറ്റിനം പുഡ്ഡിങ് മത്സരം സംഘടിപ്പിക്കുന്നത്. രാജ്ഞിയ്ക്കു വേണ്ടി പുതിയ ഡെസ്സേര്‍ട്ട് കണ്ടെത്തുന്നതിനു വേണ്ടിയാണിത്. എട്ടുവയസ്സു മുതലുള്ള യു.കെ സ്വദേശികള്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. ടെലിവിഷന്‍ കുക്കറി ഷോകളിലെ പ്രമുഖരായ വ്യക്തികളായ മേരി ബെറി, മോണിക്ക ഗാലെറ്റി എന്നിവരോടൊപ്പം ബക്കിങ്ഹാം കൊട്ടാരത്തിലെ ഹെഡ് ഷെഫ് ആയ മാര്‍ക്ക് ഫ്ലാനാഗനും ചേര്‍ന്നായിരിക്കും വിധി നിര്‍ണയിക്കുക. ഒന്നാം സ്ഥാനം നേടുന്ന റെസിപ്പി ജൂബിലി ആഘോഷത്തോടനുബന്ധിച്ച്
പ്രസിദ്ധീകരിക്കും.






