
മലയാള സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ അഞ്ചാം ഭാഗം. ചിത്രത്തിലെ സസ്പെന്‍സ് എന്താണെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. അതുകൊണ്ടു തന്നെ സിബിഐ യെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആരാധകര്‍ ഉറ്റുനോക്കാറുണ്ട്. എപ്പോഴും അവസാനം വരെ ദുരൂഹമായി നില്‍ക്കുന്നത് വില്ലനാണ്. ചുരുക്കം ചില ആളുകള്‍ക്കു മാത്രമേ നായകന് മമ്മൂട്ടി, സംവിധായകന് കെ. മധു, തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി എന്നിങ്ങനെ വില്ലന്‍ ആരെന്നറിയൂ. വില്ലന്‍ കഥാപാത്രം ചെയ്യുന്ന അഭിനേതാവിനോടുപോലും ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാകും ഈ രഹസ്യം വെളിപ്പെടുത്തുക.
ഇപ്പോഴിതാ സിനിമയിലെ വില്ലന്‍ കഥാപാത്രത്തെക്കുറിച്ച് ചെറിയൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. ഈ ചിത്രത്തിലൊരു പ്രധാന വേഷം പിഷാരടി ചെയ്യുന്നുണ്ട്.
‘‘കഥാകൃത്തും കഥാപാത്രവും.....CBI-5 The Brain
വിരലിലെണ്ണാവുന്നവർക്കു മാത്രമറിയാവുന്ന സസ്പെൻസ്....
അഭിനേതാക്കൾ സ്വന്തം കഥാപാത്രത്തെയും മറ്റു കഥാപാത്രങ്ങളെയും സംശയിക്കുന്നു
പ്രൈം ലൊക്കേഷനിൽ മൊബൈൽ ക്യാമറ അനുവദനീയമായിരുന്നില്ല...
എന്തോ ചർച്ച ചെയുവാൻ അവർ ദൂരേക്ക് മാറിയപ്പോൾ..... ഒരു ക്ലിക്ക് .’’ ഇങ്ങനെയൊരു ക്യാപ്ഷനാണ് പിഷാരടി നല്‍കിയത്. ഒപ്പം ഈ ‘സസ്പെന്‍സി’ നെക്കുറിച്ച് കഥാകൃത്തും കഥാപാത്രവും എന്ന തലക്കെട്ടോടെ, മമ്മൂട്ടിയും എസ്.എന്‍. സ്വാമിയും നടന്നനീങ്ങുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ടായിരുന്നു.
മലയാളം കണ്ട മികച്ച ത്രില്ലറുകളില്‍ ഒന്നായ ‘ഒരു സിബിഐ ഡയറിക്കുറിപ്പി’ന്റെ അഞ്ചാം ഭാഗത്തിന്റെ പേര് ‘സിബിഐ 5: ദ് ബ്രെയ്ന്‍.’ ഒരു ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനായി ഒരേ തിരക്കഥാകൃത്തും പ്രധാന നടനും സംവിധായകനും കൈകോര്‍ക്കുന്നു എന്നതു മാത്രമല്ല ആദ്യചിത്രമിറങ്ങി മുപ്പതു വര്‍ഷത്തിനു ശേഷമാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1988 ലായിരുന്നു എസ്.എന്‍. സ്വാമി രചിച്ച് കെ. മധു സംവിധാനം ചെയ്ത ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ റിലീസ് ചെയ്തത്. പിന്നീടതിന് തുടര്‍ച്ചയായി ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.






