കൊച്ചി: സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം നിയമപരമല്ലെന്ന ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സില്‍വര്‍ ലൈന്‍ റെയില്‍വേയുടെ പ്രത്യേക പദ്ധതിയല്ലാത്തതിനാല്‍ കേന്ദ്ര വിജ്ഞാപനം ആവശ്യമില്ലെന്ന സംസ്ഥാനത്തിന്റെ വാദം പരിഗണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.
പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്നു കാണിച്ച് സമര്‍പ്പിച്ച രണ്ട് ഹര്‍ജികളാണ് ജസ്റ്റിസ് എന്‍.നഗരേഷ് തള്ളിയത്. സംസ്ഥാന സര്‍ക്കാരിന് തുടര്‍ നടപടി സ്വീകരിക്കാമെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്ന.
കെ-റെയില്‍ ഒരു പ്രത്യേക റെയില്‍വേ പദ്ധതിയാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ ഇല്ലാതെ ഭൂമി ഏറ്റെടുക്കലോ പദ്ധതി നിര്‍വഹണമോ സംസ്ഥാന സര്‍ക്കാരിന് സാധ്യമല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ കെ-റെയില്‍ പ്രത്യേക പദ്ധതിയല്ലെന്നും സാധാരണ റെയില്‍വേ പദ്ധതി മാത്രമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രത്യേക റെയില്‍വേ പദ്ധതിയുടെ പട്ടികയിലേക്ക് വന്നുകഴിഞ്ഞാല്‍ ഇതുസംബന്ധിച്ച് പ്രത്യേക വിജ്ഞാപനം പുറത്തിറക്കേണ്ടതുണ്ട്. പ്രത്യേക റെയില്‍വേ പദ്ധതിയല്ലാത്തതിനാല്‍ സ്ഥലം ഏറ്റെടുപ്പ്, പദ്ധതി നിര്‍വഹണം എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.






