
മുംബൈ: ഹോളിവുഡ് നടന് വില്‍ സ്മിത്ത് ഓസ്കാര്‍ ചടങ്ങില്‍ അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടത്. ഭാര്യയുടെ രോഗാവസ്ഥയെ കളിയാക്കിയതില്‍ നിയന്ത്രണം വിട്ട വില്‍ സ്മിത്തിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് ഇതിനകം രംഗത്തെത്തി. ഇപ്പോള്‍ വില്‍ സ്മിത്തിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്. വില്‍ സ്മിത്ത് ലക്ഷണമൊത്ത സംഘിയാണെന്നാണ് കങ്കണ പറയുന്നത്. നടന്റെ മുഖത്തടിയെ പ്രശംസിച്ച നടി തന്നെ പോലെ ഒരു റൗഡിയാണ് വില്‍ സ്മിത്തെന്നും അഭിപ്രായപ്പെട്ടു.
നടന്റെ നാല് ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് കങ്കണയുടെ പ്രതികരണം. വില്‍ സ്മിത്ത് ഹിന്ദു ആചാരങ്ങളില്‍ പങ്കെടുക്കുന്നതിന്റെയും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെയും സദ്ഗുരുവിനൊപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങളാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. 'വില്‍ എന്നെ പോലെ സംഘിയാണ്. അദ്ദേഹം എന്നെ പോലെ റൗഡിയുമാണ്,' കങ്കണ കുറിച്ചു. ഞാനും പ്രാര്‍ത്ഥിക്കാറും സ്തുതി ഗീതങ്ങള്‍ ചൊല്ലാറുമുണ്ടെന്നും എന്ന് വെച്ച് ഞാന്‍ ദൈവമാവുന്നില്ലെന്നും അനാവശ്യ തമാശകള്‍ പറയുന്നവരെ മുഖത്തടിക്കാറുണ്ടെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
ഓസ്കര് ചടങ്ങിനിടെ നടന് വില്‍ സ്മിത്ത് അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് സഹതാരങ്ങളെയടക്കം ഞെട്ടിച്ചിരുന്നു. ഭാര്യയ്ക്കു മുടിയില്ലാത്തതിനെ കളിയാക്കിക്കൊണ്ടുള്ള അവതാരകന്റെ കമന്റാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. ഇതിനകം നടന്റെ തല്ല് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വില്‍ സ്മിത്തിന്റെ പ്രവൃത്തി അതിരു കടന്നു പോയെന്നും ലോകത്തിലെ ഏറ്റവും തിളക്കമാര്‍ന്ന അവാര്‍ഡ് നിശയെ വില്‍ സ്മിത്ത് അലങ്കോലമാക്കിയെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ഭാര്യയെ കളിയാക്കിയതില്‍ വില്‍ സ്മിത്തിനുള്ള ദേഷ്യം മനസ്സിലാക്കണമെന്നും മറ്റൊരു വിഭാഗവും അഭിപ്രായപ്പെടുന്നു. ഭാര്യയുടെ മുടിയില്ലാത്ത തലയെ കളിയാക്കിക്കൊണ്ടുള്ള അവതാരകന്റെ കമന്റാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്.വില്‍ സ്മിത്തിന്റെ ഭാര്യ ജാദ പിങ്കെറ്റ് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി അപ്പാടെ കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും ടെലിവിഷന്‍ അവതാരകയും ആക്ടിവിസ്റ്റുമായ ജാദ പിങ്കറ്റ് സ്മിത്ത് നേരത്തെ തന്റെ ഈ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.
അടിയേറ്റ അവതാരകന് ക്രിസ് റോക്കിനോട് വില്‍ സ്മിത്ത് പിന്നീട് മാപ്പ് പറഞ്ഞിരുന്നു.എല്ലാ തരത്തിലുമുള്ള അക്രമണങ്ങളും വിനാശകരമാണ്. അക്കാദമി അവാര്‍ഡ് ദാന ചടങ്ങിലെ എന്റെ പെരുമാറ്റം അസ്വീകാര്യവും ക്ഷമിക്കാനാവാത്തതുമാണ്. എന്റെ നേരെയുള്ള തമാശകള്‍ ജോലിയുടെ ഭാഗമാണ്. പക്ഷെ ജാദയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ഒരു തമാശ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാന്‍ വികാരാധീനനനായി പ്രതികരിച്ചു പോയെന്നും വില്‍ സ്മിത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.






