രോഗങ്ങള്‍ സുഖപ്പെടുത്താന്‍ പ്രാര്‍ത്ഥനയ്ക്ക് സാധിയ്ക്കുമെന്ന അവകാശവാദവുമായി നിരവധി പേര് ജീവിതം മുന്നോട്ട് കൊണ്ടു പോകാറുണ്ട്. അത്തരത്തില്‍ ഒരാളാണ് ഛത്തീസ്ഗഢിലെ ജഷ്പൂര്‍ ജില്ലയിലെ ചിത്താലയില്‍ താമസിക്കുന്ന സന്തോഷ് ലക്ര. കല്ലു വിഴുങ്ങിയുള്ള പ്രാര്‍ത്ഥനയിലൂടെ തനിക്ക് ആളുകളുടെ രോഗങ്ങളും പ്രശ്നങ്ങളും തീര്‍ക്കാന്‍ സാധിക്കുമെന്നാണ് ക്രീസ്തീയ വിശ്വാസിയായ ഇയാള്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഇത് ശുദ്ധ തട്ടിപ്പും മാജിക്കുമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ദൈവത്തോട് പ്രാര്‍ത്ഥിച്ച് മറ്റുള്ളവരുടെ രോഗങ്ങളും സങ്കടങ്ങളും മാറ്റിയെടുക്കുകയാണ് തന്റെ ചികില്‍സയെന്നാണ് സന്തോഷ് ലക്ര അവകാശപ്പെടുന്നത്. ഇതുവരെ വിഴുങ്ങിയ കല്ലുകളുടെ കണക്ക് നോക്കിയാല്‍ ഏകദേശം ഒരു ചാക്കോളം വരുമെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, ഒരിക്കല്‍ പോലും ഡോക്ടറെ കാണേണ്ടി വന്നിട്ടില്ലെന്നും സന്തോഷ് അവകാശപ്പെടുന്നു.
രോഗികള്‍ വരുമ്പോള്‍ സന്തോഷ് ആളുകളെ ഒരിടത്ത് ഇരുത്തും. അതിനു ശേഷം അവരുടെ മുന്നില്‍ മുട്ടുകുത്തി ഇരുന്ന് പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥനയ്ക്കിടെ ഇരുമുട്ടുകള്‍ക്കും താഴെ പരുക്കന്‍ കല്ലുകള്‍ വയ്ക്കുന്നു. ആ കല്ലുകള്‍ തന്റെ പ്രാര്‍ത്ഥന വഴി ജനങ്ങളുടെ സങ്കടങ്ങളും വേദനകളും ആഗിരണം ചെയ്യുന്നു എന്നാണ് സന്തോഷ് അവകാശപ്പെടുന്നത്. തുടര്‍ന്ന്, സന്തോഷ് ആ കല്ലിന് കഷ്ണങ്ങള്‍ വിഴുങ്ങുന്നതോടെ മുന്നിലുള്ള ആളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നെന്നാണ് സന്തോഷ് അവകാശപ്പെടുന്നത്.
കല്ല് കഴിക്കുന്നത് കൊണ്ട് തനിക്ക് ഒരു കുഴപ്പവുമില്ലെന്നും ഈ കല്ലുകള്‍ നന്നായി ദഹിക്കുന്നുണ്ടെന്നും സന്തോഷ് പറയുന്നു. കല്ല് കഴിച്ചാല്‍ പിന്നെ വേറെ ആഹാരമൊന്നും കഴിക്കാറില്ലെന്നും ഇയാള്‍ പറയുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി അദ്ദേഹം ഇങ്ങനെ കല്ലുകള്‍ ആഹാരമാക്കുന്നതായി പറയപ്പെടുന്നു. സന്തോഷിന്റെ കുടുംബം ആദ്യം ആശങ്കയോടെയാണ് ഇത് കണ്ടിരുന്നത്. ആദ്യമൊക്കെ ഇത് കാണുമ്പോള്‍ ഭയം തോന്നിയിരുന്നുവെങ്കിലും, പതിയെ അത് മാറിയെന്നും ഭാര്യ അലിഷ ലക്ര പറയുന്നു.
സംഗതി ശുദ്ധ മാജിക്കാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കല്ലു കഴിച്ചാല്‍, മാരകമായ ഫലങ്ങള്‍ ശരീരത്തില്‍ ഉണ്ടാവുമെന്ന് സമീപപ്രദേശത്തെ മുന്‍ സര്‍ക്കാര്‍ ഡോക്ടര്‍ സി.ഡി ബഖാല ചോദിക്കുന്നു. അന്തോഷിന്റെ അവകാശവാദങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അന്ധവിശ്വാസങ്ങളുടെ പേരില്‍ ചെയ്തു കൂട്ടുന്ന ഇത്തരം സാഹസങ്ങള്‍ മൂലം ജീവന് തന്നെ അപകടത്തിലായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.






