
അഭിനേതാവ്, സംവിധായകന്, നിര്‍മ്മാതാവ് ഈ നിലകളിലെല്ലാം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന കലാകാരനാണ് പൃഥ്വിരാജ് സുകുമാരന്‍. ‘ലൂസിഫര്‍’ എന്ന സിനിമ സംവിധാനം ചെയ്തതോടെ സംവിധായകനെന്ന നിലയിലും പൃഥ്വിരാജ് തന്റെ സ്ഥാനം ഉറപ്പിച്ചു. പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ കാലം മുതലേ തന്റെ അഭിപ്രായങ്ങളും നിലപാടുകളും മുഖം നോക്കാതെ തുറന്നു പറയാനും പ്രകടിപ്പിക്കാനും താരം എന്നും മുമ്പിലുണ്ട്. റിലീസിന് കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഒരുപാടുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന്റെ ‘ജനഗണമന’യുടെ ടീസര്‍ പുറത്തു വന്നത്. മികച്ച അഭിപ്രായം നേടി ഈ ടീസര്‍ മുന്നേറുകയാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം താരം മാധ്യമസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അപ്പോള്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
സിനിമാ മേഖലയില്‍ സത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ സംബന്ധിച്ചു പഠനം നടത്തിയ ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം നടപ്പാക്കണമെന്നാണ് താരം പറഞ്ഞത്. സെറ്റുകളില്‍ ജോലി സാഹചര്യം മെച്ചപ്പെടുമെങ്കില്‍ അത് വലിയ കാര്യമാണെന്നും പ്രഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
‘‘ഞാന്‍ ലൂസിഫര്‍ ഷൂട്ട് ചെയ്യുമ്പോള്‍ അവര്‍ സെറ്റ് വിസിറ്റ് ചെയ്തിരുന്നു, എന്നോട് സംസാരിച്ചിരുന്നു. എന്തുകൊണ്ട് റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല. അതിന്റെ അധികാരം ആര്‍ക്കാണ് എന്ന് എനിക്ക് അറിയില്ല. എന്റെ ആഗ്രഹം ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം എന്താണോ അത് നടപ്പാക്കുക എന്നതാണ്. അത് രൂപീകരിച്ചതിന് പിന്നിലെ ഉദ്ദേശ്യം നിറവേറ്റപ്പെടണം’’ പൃഥ്വിരാജ് പറഞ്ഞു.
പുതിയ ചിത്രമായ ‘ജനഗണമന’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്യുക. സുരാജ് വെഞ്ഞാറമ്മൂട് പൃഥ്വിക്കൊപ്പം പ്രധാനകഥാപാത്രമായി എത്തുന്നു. ശ്രീ ദിവ്യ, ധ്രുവന്, ശാരി, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്, ഹരി കൃഷ്ണന്, വിജയകുമാര്‍, വൈഷ്ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്ണ, ജോസ്കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് നിർമാണം. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യം പഠിക്കുന്നതിന് സർക്കാർ കമ്മീഷനെ രൂപീകരിച്ചത്. സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് സർക്കാർ ഹേമ കമ്മീഷനെ നിയോഗിച്ചത്. ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിറ്റ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 30-നാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. കോടികൾ ചെലവാക്കിയ കമ്മീഷൻ റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവാത്തതിനെതിരേ ഡബ്ല്യു.സി.സി ഉൾപ്പടെ പ്രതിഷേധം ശക്തമാക്കുകയാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ചലച്ചിത്ര മേഖലയിലെ പല വിഗ്രഹങ്ങളും വീണുടയുമെന്ന് നടി പാര്‍വതി തിരുവോത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.






