
ഒരു മാവ് സംരക്ഷിക്കാൻ കൂട്ടായി പ്രതിജ്ഞയെടുത്ത് നഗരസഭയും നാട്ടുകാരും. കൊല്ലം കൊട്ടാരക്കര ദേശീയ പാതയോരത്തെ മാവ് നശിപ്പിക്കാനുള്ള ശ്രമത്തിനെതിരെയാണ് നഗരസഭയും നാട്ടുകാരും പ്രകൃതിസ്നേഹികളും ഒത്തുചേർന്നത്.
സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിക്കാൻ ശ്രമിച്ച മാവ് സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കുക മാത്രമല്ല നഗരസഭയുടെ നേതൃത്വത്തിൽ ഒത്തുകൂടിയ പ്രകൃതിസ്നേഹികൾ മൂന്ന് പുതിയ വൃക്ഷതൈകൾ വച്ച് പിടിപ്പിക്കുകയും ചെയ്തു. കവിത ചൊല്ലിയും തൈ നട്ടും കവി കുരീപ്പുഴ ശ്രീകുമാറും പങ്കാളിയായി.
മാവ് വെട്ടിനശിപ്പിക്കാൻ ശ്രമിച്ചവരെ പിടികൂടണം എന്നാവശ്യപ്പെട്ട് കൊട്ടാരക്കര തഹസിൽദാർ പി. ശുഭൻ പോലീസിന് പരാതിയും നൽകി. റെവന്യൂ അധികൃതർ സ്ഥലത്തെത്തി പുറമ്പോക്ക് ഭൂമി അളന്നുതിരിച്ചു. ഇവിടെ ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കുമെന്ന് നഗരസഭ ചെയർമാൻ എ. ഷാജു പറയുന്നു. ഈ മാവ് സംരക്ഷിക്കാനായി തിരുവനന്തപുരം നേച്ചർ ക്ളബ്ബും രംഗത്തെത്തിയിട്ടുണ്ട്.






