
64ാംമത് ഗ്രാമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കൊറിയന്‍ ബോയ് ബാന്‍ഡ് ബിടിഎസിന് വീണ്ടും നിരാശ. ഗ്രാമിയില്‍ മുത്തമിടാനാകാതെ ഏഴംഗസംഘം മടങ്ങി. മികച്ച ഗ്രൂപ്പ് പെര്‍ഫോമന്‍സ് വിഭാഗത്തിലേക്കായിരുന്നു ബിടിഎസിനു നാമനിര്‍ദേശം ലഭിച്ചത്. സംഘത്തിന്റെ ‘ബട്ടര്‍’ ആണ് പരിഗണിക്കപ്പെട്ടത്. എന്നാല്‍ ഈ വിഭാഗത്തില്‍ ദോജോ ക്യാറ്റ്, സ്സ എന്നിവരുടെ കിസ് മി മോര് പുരസ്കാരം സ്വന്തമാക്കി.
ഈ വര്‍ഷത്തെ ഗ്രാമി നാമനിര്‍ദേശപ്പട്ടിക പുറത്തുവന്നപ്പോള്‍ മുതല്‍ ബിടിഎസും ആരാധകവൃന്ദവും നിരാശയിലായിരുന്നു. മൂന്ന് വിഭാഗങ്ങളിലെങ്കിലും നാമനിര്‍ദേശം ലഭിക്കുമെന്നു കരുതി കാത്തിരുന്ന സംഘത്തിന് ഒരു വിഭാഗത്തിലായി ഒതുങ്ങേണ്ടി വന്നു. ബിടിഎസ് ഗ്രാമിയില്‍ അന്യായമായി തഴയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ലോകമെമ്പാടുമുളള ആരാധകര്‍ പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷവും ബിടിഎസിനു ഗ്രാമി നാമനിര്‍ദേശം ലഭിച്ചിരുന്നു. മികച്ച പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പെര്‍ഫോമന്‍സ് വിഭാഗത്തിലേക്ക് ബാന്‍ഡിന്റെ ഡയനാമൈറ്റ് മത്സരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഈ വിഭാഗത്തില്‍ പോപ് താരം ലേഡി ഗാഗയും അരിയാന ഗ്രാന്‍ഡെയും ചേര്‍ന്നൊരുക്കിയ ‘റെയിന്‍ ഓണ്‍ മി ’എന്ന ആല്‍ബമാണ് നേട്ടം കൈവരിച്ചത്.
2013 ല്‍ അരങ്ങേറ്റം കുറിച്ചതിനുശേഷം, ബിടിഎസ് എന്ന് വിളിപ്പേരുള്ള ‘ബാങ്താന്‍ സൊന്യോന്ദാന്’ എന്ന ബാന്‍ഡ് ആകര്‍ഷണീയമായ സസംഗീതത്തോടൊപ്പം യുവജനങ്ങളെ ശാക്തീകരിക്കാന്‍ ഉതകുന്ന തരത്തിലുളള വരികളുമായി സാമൂഹിക പ്രചാരണങ്ങളും നടത്തി മുന്നേറുകയാണ്. ബാന്‍ഡ് ഇതിനോടകം തന്നെ ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡ്, അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ്, പംടിവി യൂറോപ്പ് മ്യൂസിക് അവാര്‍ഡ് എന്നീ ബഹുമതികള്‍ നേടിയിട്ടുണ്ട്. ആര്‍എം, ജിന്‍, ഷുഗ, ജെ-ഹോപ്പ്, ജിമിന്,വി , ജംഗൂക്ക് എന്നിവരാണ് ബിടിഎസ് താരങ്ങള്‍.






