
അടുത്തിടെയായി മലയാള സീരിയലുകളെ വിമര്‍ശിച്ച് പല കലാകാരന്മാരും രംഗത്തെത്തുന്നുണ്ട്. അതിലെ ഉള്ളടക്കങ്ങള്‍ പലതും അംഗീകരിക്കാന്‍ കഴിയാത്തതും വളരെ മോശമായി കഥകളെ ചിത്രീകരിക്കുന്നതുമാണെന്നാണ് പലരും പറയുന്നത്. ഇപ്പോഴിതാ നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേം കുമാറും സീരിയലുകളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കലയുടെ പേരില്‍ ചില കള്ളനാണയങ്ങളും മലയാളികളുടെ സാംസ്കാരിക ലോകത്തേക്ക് കടന്നു വരുന്നുണ്ടെന്നും വര്‍ത്തമാനകാല ടെലിവിഷന്‍ സീരിയലുകള്‍ ജീവിതത്തെ ഒരു കെട്ടുകാഴ്ചയാക്കിയാണ് അവതരിപ്പിക്കുന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു. സീരിയലുകളെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.
‘‘ഞാന്‍ സീരിയല്‍ വിരുദ്ധനൊന്നുമല്ല. സീരിയലുകള്‍ മുഴുവന്‍ നിരോധിക്കണം എന്നൊന്നുമില്ല. പക്ഷെ, സമീപ കാലത്തുള്ള പല സീരിയലുകളും ആളുകളെ ചൂളിപ്പിക്കുന്ന രീതിയിലുള്ളവയാണ്. മലയാളികളുടെ യുക്തിയെയും സാംസ്കാരിക രീതികളെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള സീരിയലുകളാണ് ഇപ്പോള്‍ ഉള്ളത്. അത് നമ്മുടെ ഭാഷയ്ക്ക് ഏല്‍പ്പിക്കുന്ന മുറിവ് വലുതാണ്. അത്തരം സീരിയലുകള്‍ എന്‍ഡോസള്‍ഫാനെ പോലെ മാരകമാണ്. സീരിയലുകള്‍ കണ്ട് വളരുന്ന പുതിയ തലമുറ അപകടകരമായ ജീവിത രീതിയിലേക്കാണ് നീങ്ങുന്നത്. പത്ത് വര്‍ഷത്തോളമായി ഞാന്‍ സീരിയലില്‍ അഭിനയിച്ചിട്ട്. അത്തരം സീരിയലുകളില്‍ അഭിനയിക്കാതിരിക്കുക എന്നത്, വരും തലമുറയോട് ഞാന്‍ ചെയ്യുന്ന നന്മ ആണ്. പല സീരിയലുകളും മോശമാണ്. അല്പം പാളി പോയാല്‍ എല്ലാം പ്രശ്നമാകും. ഇത്തരം കലയെ സമീപിക്കുമ്പോള്‍ അതിന്റേതായ ഉത്തരവാദിത്വം ഉണ്ടായിരിക്കണം.’’ പ്രേംകുമാര്‍ പറഞ്ഞു. ഒരു മാധ്യമമവുമായി സംസാരിക്കുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം.
ഇതുകൂടാതെ സിനിമയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും പ്രേംകുമാര്‍ സംസാരിച്ചു.
ആക്രമിക്കപ്പെട്ട നടിക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഉള്ളതെന്നും ഇരയ്ക്ക് നീതി നിഷേധിക്കുന്ന സമൂഹത്തില്‍ ജീവിക്കുന്നത് തന്നെ അപമാനം എന്നാണ് താന്‍ കരുതുന്നതെന്നും പ്രേം കുമാര്‍ വ്യക്തമാക്കി. ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാത്തത്, കേസില്‍ മൊഴി നല്കിയ ആള്‍ക്കാരുടെ സ്വകാര്യതയെ കരുതിയാകാമെന്നും താരം കൂട്ടിച്ചേര്‍ത്തു.






