ഹൈലക്സിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട. നേരത്തെ കമ്പനി വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നെങ്കിലും വില പ്രഖ്യാപിച്ചിരുന്നില്ല. ഏപ്രില്‍ മുതല്‍ വാഹനത്തിന്റെ ഡെലിവെറി ആരംഭിക്കുമെന്നുമാണ് ടൊയോട്ട അറിയിക്കുന്നത്. മൂന്ന് വകഭേദങ്ങളില്‍ വിപണിയിലെത്തുന്ന വാഹനത്തിന്റെ അടിസ്ഥാന വകഭേദം സ്റ്റാന്റേര്‍ഡിന് 33.99 ലക്ഷം രൂപയും ഹൈ വകഭേദത്തിന് 35.80 ലക്ഷം രൂപയും ഹൈ ഓട്ടോമാറ്റിക്കിന് 36.80 ലക്ഷം രൂപയുമാണ് വില. ഇമോഷണല്‍ റെഡ്, വൈറ്റ് പേള്‍, സില്വ്വര് മെറ്റാലിക്ക്, സൂപ്പര്‍ വൈറ്റ്, ഗ്രേ മെറ്റാലിക്ക് എന്നീ നിറങ്ങളില്‍ വാഹനം സ്വന്തമാക്കാം.
സെഗ്മെന്റില്‍ ആദ്യമായി ഡ്രൈവ് മോഡുകളുമായി എത്തുന്ന വാഹനമാണ് ഹൈലക്സ്. 700 എംഎം വാട്ടര്‍ വേഡിങ് കപ്പാസിറ്റി, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്ട്രോള്, 7 എയര്‍ബാഗുകള്‍, ഡൗണ്‍ഹില്‍ അസിസ്റ്റ് കണ്ട്രോള്, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്ട്രോള് തുടങ്ങിയ സുരക്ഷ ഫീച്ചറുകളുമുണ്ട്. ഡാഷ് ബോഡ് ഘടനയിലും സ്റ്റീയറിങ് വീലിലും സീറ്റിലുമെല്ലാം ഫോര്‍ച്യൂണറിനോടു പ്രകടമായ സാമ്യത്തോടെയാണ് ഹൈലക്സ് എത്തുന്നത്. ആംബിയന്റ് ലൈറ്റിങ്, ഓട്ടോ എയര്‍ കണ്ടീഷനിങ്, ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പ്ള്‍ കാര്‍പ്ലേ കംപാറ്റിബിലിറ്റിയോടെ എട്ട് ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സ്ക്രീന്‍, ജെ ബി എല്‍ സ്പീക്കര്‍ എന്നിവയെല്ലാം ഹൈലക്സിലുണ്ട്.
ഫോര്‍ച്യൂണറിനും ഇന്നോവ ക്രിസ്റ്റയ്ക്കും അടിത്തറയാവുന്ന ഐ എം വി- ടു പ്ലാറ്റ്ഫോം തന്നെയാണു ടൊയോട്ട ഹൈലക്സിന്റെയും അടിസ്ഥാനം. 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തില്‍. ഓട്ടമാറ്റിക്ക്, മാനുവല്‍ ഗിയര്‍ബോക്സുകളില്‍ ലഭിക്കും. ആറു സ്പീഡ് ഓട്ടോമാറ്റിക്ക് വകഭേദത്തിന് 204 ബി എച്ച് പി വരെ കരുത്തും 500 എന്‍ എം ടോര്‍ക്കും ആറു സ്പീഡ് മാനുവല്‍ വകഭേദത്തിന് 204 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കുമുണ്ട്. ഫോര്‍ വീല്‍ ഡ്രൈവ് ലേഔട്ട് സഹിതമാണ് വാഹനം എത്തുന്നത്.






