
റോയല്‍ എന്‍ഫീല്‍ഡിന്റെ മോട്ടോര്‍ സൈക്കിള്‍ പൊട്ടിത്തെറിച്ചു. ആന്ധ്രപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലാണ് സംഭവം നടന്നത്. വാഹനത്തിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്. വാഹനം അമിതമായി ചൂടായതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. രവിചന്ദ്ര എന്ന ആളുടെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളാണ് പൊട്ടിത്തെറിയോടെ കത്തി നശിച്ചത്.
ബൈക്ക് വാഹനപൂജയ്ക്കായി ക്ഷേത്രത്തില്‍ എത്തിച്ചപ്പോഴായിരുന്നു അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. പുതിയ ബൈക്ക് വാങ്ങിയ ശേഷം ക്ഷേത്ര ദര്‍ശനം നടത്തുന്നതിനായി മൈസൂരുവില്‍ നിന്ന് അനന്ത്പുരിലേക്ക് 387 കിലോമീറ്റര്‍ നിര്‍ത്താതെ ഓടിച്ചു കൊണ്ടു വരികയായിരുന്നു. ഇത്രയും കിലോമീറ്റര്‍ ഓടിവന്നതിലൂടെ വാഹനം അമിതമായി ചൂടായതായിരിക്കാം അപകട കാരണമെന്നാണ് വിലയിരുത്തല്‍. വാഹനം നിര്‍ത്തി രവിചന്ദ്ര ക്ഷേത്രത്തിനകത്തേക്ക് പോയി നിമിഷങ്ങള്‍ക്കകം തന്നെ വാഹനത്തിന് തീ പിടിയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തീപിടിത്തമുണ്ടായതിന് പിന്നാലെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ സ്ഫോടനമുണ്ടാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ആ മേഖലയില്‍ ആളുകള്‍ കൂടി നില്ക്കുന്നുണ്ടായിരുന്നെങ്കിലും ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. പൊട്ടിത്തെറിക്ക് പിന്നാലെ ആളുകള്‍ ഓടി മാറുന്നതും വീഡിയോയിലുണ്ട്.






