വണ്‍പ്ലസ്സിന്റെ ഏറ്റവും വിലക്കുറവുള്ള സ്മാര്‍ട്ട്ഫോണ്‍ കഴിഞ്ഞ മാസം വില്പനക്കെത്തിയ നോര്‍ഡ് CE 2 5ജിയാണ്. എന്നാല്‍ നോര്‍ഡ് CE 2 5ജിയെക്കാള്‍ വിലക്കുറവില്‍ മറ്റൊരു ഫോണ്‍ അവതരിപ്പിയ്ക്കാന്‍ വണ്‍പ്ലസ് ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റി, യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് , ടിയുവി റെയിന്‍ലാന്‍ഡ് സര്ട്ടിഫിക്കേഷന് എന്നിവരൊക്കെ വണ്‍പ്ലസ് നോര്‍ഡ് CE 2 ലൈറ്റിന്റെ വരവിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എന്നാല്‍ വണ്‍പ്ലസ് നോര്‍ഡ് CE 2 ലൈറ്റിന്റെ സ്പെസിഫിക്കേഷന്‍ സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 90Hz റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് ഫുള്‍ HD+ ഫ്ലൂയിഡ് ഡിസ്പ്ലേയാണ് നോര്‍ഡ് CE 2 ലൈറ്റിന്. ഇന്ത്യയില്‍ എല്‍സിഡി ഡിസ്പ്ലേ ഫീച്ചര്‍ ചെയ്യുന്ന നോര്‍ഡ് സീരീസിലെ ആദ്യത്തെ ഫോണുമായിരിക്കും ലൈറ്റ്. ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 695 SoC ഫീച്ചര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന നോര്‍ഡ് CE 2 ലൈറ്റിന് സ്വാഭാവികമായും 5G പിന്തുണ ഉണ്ടായിരിക്കും.
6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ വില്പനക്കെത്തും എന്ന് പ്രതീക്ഷിക്കുന്ന ഫോണിന് 33W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയുണ്ടാകും. 64 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും ഒപ്പം 2 എംപി മാക്രോയും 2 എംപി മോണോ സെന്‍സറും ചേര്‍ന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയും 16MP സോണി IMX471 സെല്‍ഫി ക്യാമെറയുമാണ് വണ്‍പ്ലസ് നോര്‍ഡ് CE 2 ലൈറ്റില്‍ പ്രതീക്ഷിക്കുന്നത്. 20,000 രൂപയില്‍ കുറവായിരിക്കും നോര്‍ഡ് CE 2 ലൈറ്റിന്റെ വിലയെന്നാണ് പ്രതീക്ഷ.






